INDIAN IT INDUSTRY

യു.എസ് ഹയർ ബിൽ ഐ.ടി മേഖലയുടെ മുനയൊടിക്കുമെന്ന് റിപ്പോർട്ട്

ബംഗളൂരു: യു.എസിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും വിദേശ കമ്പനികളുടെ സേവനം നിരുത്സാഹപ്പെടുത്താനും ലക്ഷ്യമിട്ട് തയാറാക്കിയ ഹയർ ബിൽ (ഹാൾട്ടിങ് ഇന്റർനാഷണൽ റീലൊക്കേഷൻ ഓഫ് എംപ്ലോയ്മെന്റ് ബിൽ) ഇന്ത്യൻ ഐ.ടി വ്യവസായത്തി​ന്റെ മുനയൊടിക്കുമെന്ന് റിപ്പോർട്ട്. ബിസിനസ് ലൈനാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഓഹിയോയിൽനിന്നുള്ള റിപബ്ലിക്കൻ പാർട്ടി സെനറ്റർ ബെർനി മൊറീനൊ തയാറാക്കിയ ബിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും  പാസായാൽ ഇൻഫോസിസ് അടക്കമുള്ള ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് യു.എസ് കമ്പനികൾ നൽകുന്ന പ്രതിഫലത്തിനുമേൽ 25 ശതമാനം എക്സൈസ് നികുതി ചുമത്തും. യു.എസ് ഫെഡറൽ നികുതി നിയമപ്രകാരം വിദേശ രാജ്യങ്ങളിലെ സേവനങ്ങൾക്ക് നൽകുന്ന പേയ്മെന്റിന് നികുതി ഇളവും ലഭിക്കില്ല. 25 ശതമാനം നികുതി ഇനത്തിൽ ലഭിക്കുന്ന തുക ​രാജ്യത്തെ തൊഴിൽ പരി​ശീലനത്തിന് വേണ്ടിയുള്ള ഡൊമസ്റ്റിക് വർക്ക്ഫോഴ്സ് ഫണ്ടിലേക്ക് മാറ്റാനാണ് ബിൽ നിർദേശിക്കുന്നത്.

ഐ.ടി, ഐ.ടി അനുബന്ധ മേഖല, ഗ്ലോബൽ കാപബിലിറ്റി സെന്റർ (ജി.സി.സി) തുടങ്ങിയ സേവനങ്ങൾക്കാണ് ബിൽ ഭീഷണി ഉയർത്തുന്നത്. 22.88 ലക്ഷം​ കോടി രൂപയുടെ ​മൂല്യമുള്ള ഐ.ടി മേഖലയുടെ പ്രധാന കയറ്റുമതി രാജ്യമാണ് യു.എസ്. ഐ.ടി കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 50 മുതൽ 60 ശതമാനം വരെ ലഭിക്കുന്നത് യു.എസിൽനിന്നാണ്. ബിൽ യാഥാർഥ്യമാകുന്നതോടെ വിദേശ സേവനത്തിന് അമേരിക്കൻ കമ്പനികൾ മുടക്കേണ്ടി വരുന്ന തുകയിൽ 46 ശതമാനത്തിന്റെ വർധനവുണ്ടാകും. ചെലവ് വർധിക്കുന്നതോടെ പല സേവനങ്ങളും യു.എസിലേക്ക് മാറ്റാൻ കമ്പനികൾ നിർബന്ധിതരാവും.

മുൻനിര ഐ.ടി കമ്പനികളുടെ ലാഭത്തിൽ നാലു മുതൽ എട്ട് ശതമാനം വരെ ഇടിവുണ്ടാക്കുമെന്ന് ആക്സഞ്ചർ ഇന്ത്യ മുൻ സി.എം.ഡി അവിനാഷ് വാഷിത പറഞ്ഞു. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ മുൻനിര ഐ.ടി കമ്പനികൾക്ക് 20 മുതൽ 22 ശതമാനം വരുമാന നഷ്ടമുണ്ടായാലും പിടിച്ചുനിൽക്കാൻ കഴിയും. എന്നാൽ, എൽ.ടി.ഐ മിൻഡ്ട്രീ അടക്കമുള്ള ഇടത്തരം കമ്പനികൾക്ക് 15 ശതമാനം വരുമാന നഷ്ടത്തിന്റെ ആഘാതം താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - U.S’s HIRE Bill will discourage Indian IT service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.