ഗൗതം അദാനി

അദാനിക്കെതിരെ വീണ്ടും ​യു.എസ് അന്വേഷണം; എൽ.പി.ജി ഇറക്കുമതി പരിശോധിക്കുന്നു

വാഷിങ്ടൺ: ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ വീണ്ടും യു.എസ് അന്വേഷണം. ഇറാനിൽ നിന്നും മുന്ദ്ര തുറമുഖം വഴി എൽ.പി.ജി ഇറക്കുമതി ചെയ്തതിലാണ് അന്വേഷണം. യു.എസിന്റെ ഉപരോധം നിലനിൽക്കുന്നതിനിടയിലാണ് ഇറാനിൽ നിന്നും എൽ.പി.ജി ഇറക്കുമതി ചെയ്തതെന്നാണ് യു.എസ് ആരോപിക്കുന്നത്. അന്വേഷണം നടക്കുന്ന വിവരം വാൾസ്ട്രീറ്റ് ജേണലാണ് റി​പ്പോർട്ട് ചെയ്തത്. എന്നാൽ ആരോപണങ്ങൾ അദാനി നിഷേധിച്ചിട്ടുണ്ട്.

ഉപരോധം ലംഘിച്ചാണ് മുന്ദ്രക്കും പേർഷ്യൻ ഗൾഫിനുമിടയിൽ കപ്പലുകൾ സഞ്ചരിച്ചതെന്നാണ് യു.എസ് ആരോപണം. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നത്. അതേസമയം, മനപ്പൂർവം ഉപരോധം ലംഘിക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു. തങ്ങൾക്കെതിരെ ഒരു രീതിയിലുള്ള അന്വേഷണം നടക്കുന്നതായി അറിവില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

നേരത്തെ ഇറാനിൽ നിന്ന് എണ്ണയോ മറ്റ് വസ്തുക്കളോ വാങ്ങുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  മുന്നറിയിപ്പ് നൽകിയിരുന്നു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമേൽ പരമാവധി സമ്മർദമുണ്ടാക്കുക ലക്ഷ്യമിട്ടാണ് യു.എസ് മുന്നറിയിപ്പെന്ന് വിലയിരുത്തലുണ്ടായിരുന്നു.

അതേസമയം, ഇറാൻ-യു.എസ് ആണവചർച്ചകളിൽ പുരോഗതിയുണ്ട്. യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പൂർണമായും പിന്മാറണമെന്നാണ് യു.എസ് ആവശ്യം. ഇത് അംഗീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.

Tags:    
News Summary - US probing Adani Group link to Iran LPG trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.