'ഹലോ ഇത് രത്തൻ ടാറ്റയാണ് ഒന്ന് കാണാൻ സാധിക്കുമോ'? ഫോൺകോൾ തലവര മാറ്റിയ കമ്പനിയുടെ കഥ

ന്യൂഡൽഹി: ആഴ്ചകൾക്ക് മുമ്പാണ് രത്തൻ ടാറ്റ പിന്തുണ നൽകുന്ന മൊബൈൽ എനർജി ഡിസ്ട്രിബ്യൂഷൻ സ്റ്റാർട്ട് അപ്പായ റെപ്പോ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ചാർജിങ് വെക്കിൾ സൊല്യുഷൻ പുറത്തിറക്കിയത്. ഇതിന് പിന്നാലെ രത്തൻടാറ്റയുടെ ഒരു ഫോൺകോൾ തങ്ങളുടെ ഭാവി എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് പറയുകയാണ് സംരംഭത്തിന് പിന്നിലുള്ളവർ.

വർഷങ്ങൾക്ക് മുമ്പ് അദിതി ഭോസ്ലെ വാൽനുജും ചേതൻ വാൽനുജും റെപ്പോ എന്ന കമ്പനിക്ക് തുടക്കം കുറിക്കു​മ്പോൾ തന്നെ മുന്നോട്ടുള്ള വളർച്ചക്ക് ഒരു മെന്ററെ ആവശ്യമാണെന്ന് ഉറപ്പിച്ചിരുന്നു. മറ്റുള്ളവരുടെ ഉയർച്ചക്കായി ഒപ്പംനിൽക്കാൻ മടിയില്ലാത്ത ഒരാളെ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഇരുവരും ആദ്യം പരിഗണിച്ച പേര് രത്തൻ ടാറ്റയുടേത് ആയിരുന്നു.

രത്തൻ ടാറ്റയെ നേരിട്ട് കാണാമെന്നായിരുന്നു ഇരുവരും പ്രതീക്ഷിച്ചത്. എന്നാൽ, ഇത് ഒരിക്കലും സാധ്യമാവില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ, അങ്ങനെ പിന്മാറാൻ അവർ ഒരുക്കമായിരുന്നില്ല. അവർ രത്തൻ ടാറ്റയെ കാണാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.

റെപ്പോ എനർജി എങ്ങനെയാണ് ഇന്ത്യൻ ഊർജമേഖലയിൽ മാറ്റങ്ങളുണ്ടാക്കാൻ പോകുന്നതെന്ന് വിശദീകരിക്കുന്ന ഒരു 3ഡി പ്രസന്റേഷൻ തയാറാക്കുകയാണ് ഇവർ ആദ്യം ചെയ്തത്. ഇത് ഒരു കത്തിനൊപ്പം രത്തൻടാറ്റക്ക് അയച്ചു. പിന്നീട് അദ്ദേഹവുമായി ബന്ധമുള്ള ആളുകളേയും കണ്ടു. തുടർന്ന് രത്തൻ ടാറ്റയുടെ വീട്ടിലെത്തി 12 മണിക്കൂർ അദ്ദേഹത്തെ കാത്തുനിന്നുവെങ്കിലും കാണാൻ സാധിച്ചില്ല.

നിരാശയോടെ ഹോട്ടലിലേക്ക് മടങ്ങിയ അവർക്ക് 10 മണിയോടെ ഒരു ഫോൺകോൺ ലഭിച്ചു. ഫോൺ എടുത്തയുടൻ അദിതിയോടാണോ താൻ സംസാരിക്കുന്നതെന്നായിരുന്നു മറുതലക്കൽ നിന്നുള്ള ചോദ്യം. രത്തൻ ടാറ്റയായിരുന്നു ഫോണിൽ വിളിച്ചത്. നിങ്ങളുടെ കത്ത് കിട്ടിയെന്നും നാളെയൊന്ന് കാണാൻ സാധിക്കുമോയെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

പിറ്റേന്ന് അദിതിയും ചേതനും രത്തൻ ടാറ്റയെ പോയി കണ്ടു. തങ്ങളുടെ ​പ്രൊജക്ടിനെ കുറിച്ച് വിശദമായി തന്നെ സംസാരിച്ചു. 10.45ന് തുടങ്ങിയ ആ കൂടിക്കാഴ്ച രണ്ട് മണി വരെ നീണ്ടു. ഒടുവിൽ റെപ്പോ എനർജിയിൽ നിക്ഷേപിക്കാമെന്ന ഉറപ്പ് രത്തൻ ടാറ്റയിൽ നിന്നും വാങ്ങിയാണ് അവർ മടങ്ങിയത്. 2019ൽ രത്തൻ ടാറ്റ കമ്പനിയിൽ ആദ്യ നിക്ഷേപം നടത്തി. 2022ൽ അത് വർധിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ എനർജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകളിൽ നിർണായക കമ്പനിയായി റെപ്പോ വളർന്നു.

Tags:    
News Summary - 'This is Ratan Tata. Can we meet?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.