പല്ലോൺജി മിസ്ത്രി അന്തരിച്ചു

മുംബൈ: ശതകോടീശ്വരനും പഴയകാല വ്യവസായിയും ഷാപുർജി പല്ലോൺജി ഗ്രൂപ് ചെയർമാനുമായിരുന്ന പല്ലോൺജി മിസ്ത്രി (93) അന്തരിച്ചു. തിങ്കളാഴ്ച അർധ രാത്രി ഉറക്കത്തിനിടെ നഗരത്തിലെ വസതിയിലായിരുന്നു അന്ത്യം. 2016ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇടക്കാലത്ത് ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രി മകനാണ്.

ടാറ്റ കമ്പനിയിൽ ഏറ്റവും കൂടുതൽ (18.4 ശതമാനം) വ്യക്തിഗത ഓഹരിയുള്ള വ്യവസായിയുമാണ് പല്ലോൺജി. 1929ൽ പാഴ്‌സി കുടുംബത്തിൽ ജനിച്ച അദ്ദേഹം 2003ൽ ഐറിഷ് പൗരത്വം സ്വീകരിച്ചു. ഐറിഷ് വംശജയായ പാറ്റ്‌സി പെറിൻ ദുബാഷിയാണ് ഭാര്യ. സൈറസിന് പുറമെ നിലവിലെ കമ്പനി ചെയർമാൻ ഷപൂർ മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവരും മക്കളാണ്.

രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റയെയാണ് ഇളയ മകൾ ആലൂ മിസ്ത്രിയുടെ ഭർത്താവ്. 1865ൽ പിതാവ് സ്ഥാപിച്ച കമ്പനിയെ എൻജിനീയറിങ്, നിർമാണ, അടിസ്ഥാന സൗകര്യ നിർമാണ, റിയൽ എസ്റ്റേറ്റ്, ജലം, ഊർജം, ധനകാര്യ സേവനങ്ങൾ അടങ്ങിയ ഉപ കമ്പനികളുമായി 50ഓളം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പല്ലോൺജി പ്രധാന പങ്ക് വഹിച്ചു.

അര ലക്ഷത്തിലേറെ ജീവനക്കാരും കമ്പനിക്കുണ്ട്. മുംബൈയിലെ റിസർവ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ താജ് മഹൽ പാലസ്, ഒമാൻ സുൽത്താന്റെ കൊട്ടാരം, കൊച്ചിയിലെ ലുലുമാൾ തുടങ്ങിയവ നിർമിച്ചത് ഷാപുർജി പല്ലോൺജി ഗ്രൂപ്പാണ്. 2004 ലാണ് മകൻ ഷപൂർ മിസ്ത്രിക്ക് കമ്പനിയുടെ ചുമതല കൈമാറിയത്.

Tags:    
News Summary - Pallonji Mistry, who headed Shapoorji Pallonji Group, dies at 93

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.