മുംബൈ: ജാപ്പനീസ് കാർനിർമാതാക്കളായ നിസാൻ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു. ലോകവ്യാപകമായി ഏഴ് ഫാക്ടറികൾ നിസാൻ പൂട്ടുമെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 പേർക്കാവും ജോല നഷ്ടമാകുക. നവംബറിൽ 9,000 പേർക്ക് ജോലി നഷ്ടമാകുമെന്ന് നിസാൻ അറിയിച്ചിരുന്നു. ഇപ്പോൾ 11,000 പേർക്ക് കൂടി ജോലി നഷ്ടമാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
നിർമാണം, വിൽപന, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലെല്ലാം തൊഴിൽ നഷ്ടമുണ്ടാകും. സ്ഥിരം ജോലിക്കാർക്കും കരാർ തൊഴിലാളികൾക്കും പണി പോകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഏതൊക്കെ ഫാക്ടറികൾ പൂട്ടുമെന്ന് നിസാൻ അറിയിച്ചില്ല.
നോർത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ സണ്ടർലാൻഡിലെ ഫാക്ടറി പൂട്ടുമെന്ന് നിസാൻ അറിയിച്ചിട്ടുണ്ട്. 2027നുള്ള ആഗോളതലത്തിലുള്ള ഫാക്ടറികളുടെ എണ്ണം 17ൽ നിന്ന് പത്താക്കി മാറ്റാനാണ് നിസാൻ ലക്ഷ്യമിടുന്നത്. നേരത്തെ കമ്പനിയുടെ ബ്രാൻഡ് വാല്യുവിൽ ഇടിവുണ്ടായതോടെ പുതിയ സി.ഇ.ഒ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സി.ഇ.ഒയായി ചുമതലയേറ്റെടുത്ത ഇവാൻ എസ്പിൻസോ കമ്പനിയെ ലാഭത്തിലാക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും ഉൽപാദന വർധനവിന് തൽക്കാലത്തേക്ക് വലിയ പ്രാധാന്യം നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. മാർച്ചിൽ അവസാനിച്ച ഈ സാമ്പത്തിക വർഷത്തിൽ അവസാനപാദത്തിൽ നിസാന്റെ നഷ്ടം 671 ബില്യൺ യെന്നായി ഇടിഞ്ഞിരുന്നു. യു.എസിലും ചൈനയിലും വിൽപന ഇടിഞ്ഞതാണ് നിസാന് തിരിച്ചടിയായത്. 60 ബില്യൺ ഡോളറിന് കമ്പനിയെ ഹോണ്ടയിൽ ലയിപ്പിക്കാനുള്ള പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. എന്നാൽ ഇത് വിജയകരമാവാത്തത് നിസാന് തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.