മലബാർ ഗ്രൂപ്പിന്റെ പ്രധാന സി.എസ്‌.ആർ പരിപാടിയായ ‘ഹംഗർ ഫ്രീ വേൾഡ്’ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഡൽഹിയിൽ നീതി ആയോഗ് മുൻ സി.ഇ.ഒ അമിതാഭ് കാന്ത് നിർവഹിക്കുന്നു. മലബാർ ഗ്രുപ്പ് മാനേജ്മെന്റ് അംഗങ്ങൾ സമീപം

മലബാർ ഗ്രൂപ്പ് സി.എസ്.ആറിന് ഈ വർഷം 150 കോടി ചെലവിടും​​; മറ്റൊരു കോർപറേറ്റ് കമ്പനിക്കും ചെയ്യാൻ കഴിയാത്ത സാമൂഹിക ഉത്തരവാദിത്തമെന്ന് നീതി ആയോഗ്‌ മുൻ സി.ഇ.ഒ അമിതാഭ്‌ കാന്ത്‌

ന്യൂഡൽഹി: രാജ്യത്തെ മറ്റൊരു കോർപറേറ്റ് കമ്പനിക്കും ചെയ്യാൻ കഴിയാത്ത കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സി.എസ്.ആർ) ആണ് മലബാർ ഗ്രൂപ്പ് ചെയ്യുന്നതെന്ന് നീതി ആയോഗ്‌ മുൻ സി.ഇ.ഒയും ജി–20 ഷെർപ്പയുമായ അമിതാഭ്‌ കാന്ത്‌ അഭിപ്രായപ്പെട്ടു. ന്യൂഡൽഹി ജന്‍പഥിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ മലബാർ ഗ്രൂപ്പിന്റെ ഈ വർഷത്തെ സി.എസ്‌.ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയില്‍ 2025-26 വർഷം പോഷകമൂല്യമുള്ള രണ്ടര കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഈ വർഷം സി.എസ്‌.ആർ പ്രവർത്തനങ്ങൾക്ക്‌ മലബാർ ഗ്രൂപ്പ്‌ 150 കോടി രൂപ ചെലവഴിക്കും. ‘വേൾഡ്‌ ഹംഗർ ഡേ’ ആയ മെയ്‌ 28 എല്ലാ വർഷവും സി.എസ്‌.ആർ ദിനമായി ആചരിക്കാനും മലബാർ ഗ്രൂപ്പ് തീരുമാനിച്ചു.

മറ്റു കോർപറേറ്റുകളെല്ലാം ഇപ്പോഴും രണ്ട് ശതമാനം സി.എസ്.ആറിനായി മാറ്റിവെക്കുമ്പോൾ രാജ്യത്ത് ഇത് നിയമപരമായി നിർബന്ധമാക്കും മുമ്പെ അഞ്ച് ശതമാനം മാറ്റിവെച്ച് ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയാണ് മലബാർ ഗ്രൂപ്പ് ഇത് സാധ്യമാക്കിയതെന്നും അമിതാഭ്കാന്ത് പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജീകരിച്ച അടുക്കളകളിൽ തയറാക്കുന്ന 70,000 ഭക്ഷണപ്പൊതികളാണ്‌ ഹംഗർ ഫ്രീ വേൾഡ്‌ പദ്ധതിയിലൂടെ ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി ഒരു ദിവസം വിതരണം ചെയ്യുന്നത്‌.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളിൽ ദിനംപ്രതി 60,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ നൽകുന്നതിന് പുറമെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മൂന്ന് സ്‌കൂളുകളിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കും സാംബിയ ഗവൺമെന്റുമായി സഹകരിച്ച്‌ പ്രതിദിനം ഭക്ഷണം നല്‍കുന്നു. കോഴിക്കോട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ (എൻ.ജി.ഒ) തണലുമായി സഹകരിച്ചാണ്‌ ഹംഗർ ഫ്രീ വേൾഡ്‌ നടപ്പാക്കുന്നത്‌.

രാജ്യത്താകെ മലബാർ ഗോൾഡ്‌ ആന്റ്‌ ഡയമണ്ട്‌സിന്റെ ഷോറൂമുകളിൽ സിഎസ്‌ആർ ദിനം പ്രമാണിച്ച്‌ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം. പി അഹമ്മദ്‌, വൈസ് ചെയർമാൻ അബ്ദുൽ സലാം കെ. പി, ഇന്ത്യൻ ഓപറേഷൻസ് എംഡി അഷർ. ഒ, ഗ്രുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എകെ, കെപി വീരൻകുട്ടി, ഗ്രൂപ്പ്‌ ഡയറക്ടർ അബ്‌ദുള്ള ഇബ്രാഹിം പി.എ, തണൽ ചെയർമാൻ ഡോ. ഇദ്രിസ് വി, നോർത്ത് സോണൽ ഹെഡ് ജിഷാദ് എൻ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങൾ കൈകോർത്താൽ ലോകത്ത്‌ പട്ടിണിയകറ്റാൻ കഴിയുമെന്ന സന്ദേശമാണ്‌ ‘ഹംഗർ ഫ്രീ വേൾഡ്‌’ പരിപാടിയിലൂടെ മലബാർ ഗ്രൂപ്പ്‌ സമൂഹത്തിന്‌ നൽകുന്നതെന്ന്‌ ചെയർമാൻ എം പി അഹമ്മദ്‌ പറഞ്ഞു. തെരുവില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരവും നല്‍കി അവരെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്‌ വിവിധ സംസ്ഥാനങ്ങളിലായി 716 മൈക്രോ ലേണിങ് സെന്ററുകളില്‍ 32,000ത്തിലേറെ കുട്ടികളാണുള്ളത്. ഇവരില്‍ ഒമ്പതിനായിരത്തോളം പേരെ ഇതിനകം സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ 1,14,000 പെണ്‍കുട്ടികള്‍ക്ക് ഇതിനകം സ്‌കോളര്‍ഷിപ്പുകള്‍ നൽകി. നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിന്‌ ബംഗളൂരുവിലും ഹൈദരാബാദിലും ‘ഗ്രാൻഡ്‌മ ഹോമു’കൾ തുടങ്ങി. കേരളത്തിൽ എറണാകുളം (നെടുമ്പാശ്ശേരി), വയനാട്, തൃശൂര്‍, കോഴിക്കോട്‌ (കൊടുവള്ളി) എന്നിവിടങ്ങളില്‍ 'ഗ്രാൻഡ്‌മ ഹോമു’കളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും കൂടി ‘ഗ്രാൻഡ്‌മ ഹോമു'കള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്‌.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ലാഭമെടുക്കാതെ വിലകുറച്ച് മരുന്നുകള്‍ നൽകുന്നതിനുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും മലബാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. 27 മണ്ഡലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിന് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ‘ഉയിര്‍പ്പ്' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്നുമുണ്ട്.

Tags:    
News Summary - Malabar Group to spend Rs 150 crore on CSR this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.