അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ എൽ.ഐ.സിക്ക് വൻ നിക്ഷേപം

ന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികളിൽ പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ നിക്ഷേപത്തിൽ വൻവളർച്ച. വിശ്വാസപൂർവം നിക്ഷേപിക്കാൻ പൊതുജനങ്ങളും മ്യൂച്വൽ ഫണ്ട്​ സ്ഥാപനങ്ങളും ആശങ്ക പ്രകടിപ്പിക്കു​മ്പോൾതന്നെയാണ്​ സർക്കാർ പ്രേരണയിൽ എൽ.ഐ.സിയുടെ കൈവിട്ട സഹായം.

അദാനി ഗ്രൂപ്പിന്‍റെ ഏഴിൽ നാലു കമ്പനികളാണ്​ ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്തിട്ടുള്ളത്​. ഇവയിലെ എൽ.ഐ.സി നിക്ഷേപം ചുരുങ്ങിയ കാലം കൊണ്ട്​ ആറിരട്ടിവരെ വർധിച്ചുവെന്നാണ്​ രേഖകൾ കാണിക്കുന്നത്​. ഈ കമ്പനികളിലെ എൽ.ഐ.സിയുടെ മൊത്തം നിക്ഷേപം 74,142 കോടി രൂപയാണ്​. അദാനി ഗ്രൂപ്​ വിപണിയിൽനിന്ന്​ സമാഹരിച്ചിട്ടുള്ള 18.98 ലക്ഷം കോടി രൂപയുടെ നാലു ശതമാനത്തോളമാണ്​ ഈ തുക.

അദാനി പോർട്ട്​സിൽ എൽ.ഐ.സിയുടെ മുതൽമുടക്ക്​ 10 ശതമാനത്തോളമാണ്​. മൊത്തം മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം ഇതിന്‍റെ പകുതി വരില്ല. അദാനി ടോട്ടൽ ഗ്യാസിലെ എൽ.ഐ.സി നിക്ഷേപം 5.77 ശതമാനമാണെങ്കിൽ മ്യൂച്വൽ ഫണ്ട്​ നിക്ഷേപം 0.04 ശതമാനം മാത്രം. അദാനി എന്‍റർപ്രൈസസ്​ ഓഹരികളിൽ എൽ.ഐ.സിക്ക്​ നാലു ശതമാനത്തിലധികമാണ്​ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകൾക്ക്​ 1.27 ശതമാനം. ഇങ്ങനെ പോകുന്നു കണക്കുകൾ.

ബാങ്കുകളിൽനിന്ന്​ രണ്ടു ലക്ഷം കോടിയിൽപരം രൂപയാണ്​ അദാനി ഗ്രൂപ്​ വായ്പ എടുത്തിട്ടുള്ളത്​. ഇൻഷുറൻസ്​ മേഖല അദാനി കമ്പനികളിൽ നിക്ഷേപിച്ചതിന്‍റെ 98.9 ശതമാനവും എൽ.ഐ.സിയുടെ വകയാണ്. ഇൻഷുറൻസ്​ പദ്ധതികളിലൂടെ പൊതുജനങ്ങളിൽനിന്ന്​ സമാഹരിക്കുന്ന തുകയാണ്​ എൽ.ഐ.സി വരുമാന വളർച്ചക്കായി വിവിധ കമ്പനികളിൽ നിക്ഷേപിക്കുന്നത്​. ടാറ്റ ഗ്രൂപ്പിൽ എൽ.ഐ.സി നിക്ഷേപം 3.98 ശതമാനവും റിലയൻസ്​ ഇൻഡസ്​ട്രീസിൽ 6.45 ശതമാനവുമാണ്​.

Tags:    
News Summary - LIC invests heavily in Adani Group companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.