അനിൽ അംബാനി കരുത്തനായി തിരിച്ചു വരുന്നു?

ർഷങ്ങൾക്കുമുമ്പ് വിദേശ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിച്ച റിലയൻസ് കമ്പനി ഉടമ അനിൽ അംബാനി കരുത്തനായി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ധീരുഭായ് അംബാനിയുടെ രണ്ടുമക്കളിൽ മൂത്തയാൾ മുകേഷ് അംബാനി ബിസിനസ് ശൃംഖലകൾ ശക്തമാക്കിയും വിപുലപ്പെടുത്തിയും ലോക സമ്പന്നരുടെ മുൻനിരയിൽ ഇടംപിടിച്ചപ്പോൾ അനിൽ അംബാനിയുടെ തകർച്ച അവിശ്വസനീയ​തയോടെയാണ് വ്യവസായ ലോകം കേട്ടത്.

എന്നാൽ, ഇപ്പോൾ അനിൽ അംബാനിയുടെ കമ്പനികൾ തിരിച്ചുവരവിന്റെ പാതയിലാണ്. മക്കളായ ജയ് അൻമോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നിവരാണ് തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത്. അവൻ കമ്പനി ഘടനയിൽ വലിയ മാറ്റം വരുത്തി. 2030 ഓടെ എല്ലാ കുരുക്കുകളിൽനിന്നും ഊരി പുതിയ ഉയരങ്ങളിലെത്തിക്കാൻ പദ്ധതി തയാറാക്കി.

പ്രതിസന്ധി പരിഹരിക്കാൻ വൻതോതിൽ ഫണ്ട് ലഭ്യമാക്കാൻ അവർ ഇടപെടൽ നടത്തി. പ്രിഫറൻഷ്യൽ ഇക്വിറ്റി ഓഹരികളിലൂടെ 4500 കോടി രൂപയും ബോണ്ടുകൾ വഴി 7100 കോടിയും നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് 6000 കോടിയും സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുകയും ഓഹരിവിലയിൽ കുറഞ്ഞ കാലം കൊണ്ട് വൻ കുതിപ്പുണ്ടാക്കുകയും ചെയ്തു.

അതോടൊപ്പം വലിയ ബിസിനസ് ഓർഡറുകൾ ലഭ്യമാക്കാനും കഴിഞ്ഞതോടെ അനിൽ അംബാനി കരുത്തനായി തിരിച്ചുവരുന്നുവെന്ന വികാരം വിപണിയിൽ ഉണ്ടായി. 2016ൽ റിലയൻസ് കാപിറ്റൽ ഡയറക്ടറായി ജയ് അൻമോൽ അംബാനി നിയമിതനായ ശേഷം റീട്ടെയിൽ ബിസിനസിൽ വൻ വളർച്ചയുണ്ടായി.

കടം കുറച്ചുകൊണ്ടുവരുന്നതിനാണ് ഇപ്പോൾ ഊന്നൽ. കഴിഞ്ഞ ജനുവരിയിൽ അനിൽ അംബാനിയുടെ ഒരു കമ്പനി 1286 കോടിയുടെ വായ്പ അടച്ചുതീർത്തു. വൻ കടക്കെണിയിലുള്ള കമ്പനികൾ വിൽക്കാനും നീക്കമുണ്ട്. റിലയൻസ് പവറിന്റെ അനുബന്ധ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡ് അദാനി ഗ്രൂപ്പിന് കൈമാറാൻ ചർച്ച നടക്കുന്നു. റിലയൻസ് ബിഗും വിൽക്കുമെന്നാണ് റിപ്പോർട്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ഇന്റഗ്രേറ്റഡ് സോളാർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ‌യു സൺടെക്, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി കഴിഞ്ഞ മാസം 25 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 10,000 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് ഒരുങ്ങുകയാണ് റിലയൻസ് ഡിഫൻസ്. ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി ആർട്ടിലറി ഷെല്ലുകളും വെടിക്കോപ്പുകളും നിർമിച്ചു നൽകാനുള്ള കരാറിൽ റിലയൻസ് ഡിഫൻസ് ഒപ്പുവെച്ചു. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമാണ് റിലയൻസ് ഡിഫൻസ്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടുന്ന മൂന്നാമത്തെ പ്രതിരോധ കരാറാണിത്. നേരത്തേ ഫ്രഞ്ച് കമ്പനികളായ ഡാസോ ഏവിയേഷൻ, തെയ്ൽസ് എന്നിവയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. റഫാൽ പോർവിമാനങ്ങളുടെ നിർമാതാക്കളാണ് ഡാസോ. റിലയൻസ് ഇൻഫ്രാ റിയൽ എസ്റ്റേറ്റ് മേഖലയിലും കരുത്തുകാട്ടുന്നുണ്ട്.

റിലയൻസ് ഇൻ​ഫ്രാ ഓഹരി വില ഒരു മാസത്തിനകം 28 ശതമാനവും ഒരു വർഷത്തിനകം 95 ശതമാനവുമാണ് ഉയർന്നത്. റിലയൻസ് പവർ ഒരു മാസത്തിനകം 43 ശതമാനവും ഒരു വർഷത്തിനകം 134 ശതമാനവും മുന്നേറി. ഇനിയും മുന്നേറുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Is Anil Ambani coming back stronger?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.