എയർടെല്ലിന്​ ഇടക്കാല ആശ്വാസം; എ.ജി.ആറിൽ കേന്ദ്രത്തിന്​ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെല്ലിന്​ സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. എയർടെൽ നൽകിയ ബാങ്ക്​ ഗ്യാരണ്ടി മൂന്നാഴ്ചത്തേക്ക്​ പണമാക്കി മാറ്റരുതെന്ന്​ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട്​ നിർദേശിച്ചു. വിഡിയോകോണുമായി ബന്ധപ്പെട്ട എ.ജി.ആർ കുടിശികയിലാണ്​ എയർടെല്ലിന്​ ആശ്വാസം.

2016ൽ വിഡിയോകോണിന്‍റെ ഉടമസ്ഥതയിലുള്ള 4,428 കോടി രൂപയുടെ സ്​പക്​ട്രം എയർടെൽ വാങ്ങിയിരുന്നു. ബിഹാർ, ഹരിയാന, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, ഗുജറാത്ത്​ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്​പെക്​ട്രമാണ്​ വാങ്ങിയത്​. ഇടപാടിനെ തുടർന്ന്​ 1,376 കോടി രൂപ വിഡിയോകോൺ എ.ജി.ആറായി നൽകി. ഇടപാടിന്​ ശേഷം ബാക്കിയുള്ള പണം എയർടെല്ലിൽ നിന്ന്​ ഈടാക്കാൻ ടെലികമ്യൂണിക്കേഷൻ മന്ത്രാലയം തീരുമാനമെടുക്കുകയും ചെയ്​തിരുന്നു.

എന്നാൽ, പണം വിഡിയോകോണിൽ നിന്നാണ്​ ഈടാക്കേണ്ടതെന്നും തങ്ങൾക്ക്​ ഇതിൽ ബന്ധമില്ലെന്നുമായിരുന്നു എയർടെൽ വാദം. അതേസമയം, നിലവിൽ ഇതുമായി ബന്ധപ്പെട്ട വിധിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. എങ്കിലും എൽ.നാഗേശ്വര റാവു, എസ്​.അബ്​ദുൾ നസീർ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ച്​ എയർടെല്ലിന്‍റെ ബാങ്ക്​ ഗ്യാരണ്ടി പണമാക്കുന്നതിന്​ മൂന്നാഴ്ചത്തെ വിലക്ക്​ കൽപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Interim relief for Airtel; Supreme Court directs Center in AGR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.