ന്യൂഡൽഹി: ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുന്നു. താൽക്കാലികമായി എണ്ണ വാങ്ങുന്നത് നിർത്താനാണ് പൊതുമേഖല എണ്ണ കമ്പനികളുടെ പദ്ധതി. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളാണ് എണ്ണ വാങ്ങുന്നത് നിർത്തുന്നത്. റഷ്യയിൽ നിന്നുള്ള സ്പോട്ട് മാർക്കറ്റ് എണ്ണ വാങ്ങൽ നിർത്തുമെന്നാണ് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാറിൽ നിന്നും കൃത്യമായ നിർദേശം ലഭിച്ചതിന് ശേഷം ഇനി എണ്ണ വാങ്ങിയാൽ മതിയെന്നാണ് കമ്പനികളുടെ നിലപാട്. ഒക്ടോബറിൽ തുടങ്ങുന്ന എണ്ണയുടെ അടുത്ത പർച്ചേസിങ് കമ്പനികൾ നടത്തില്ല. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ സ്വകാര്യ കമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷമാണ് അധിക തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.