സോള്‍: അഴിമതിക്കേസില്‍ ജയിൽശിക്ഷ അനുഭവിക്കുന്ന സാംസങ് മേധാവി ലീ ജാ യങിന് രാഷ്ട്രപതി തടവുശിക്ഷയിൽ ഇളവ് നൽകി. ഇതോടെ അദ്ദേഹത്തിന് ജോലിയിൽ പ്രവേശിക്കാനാകും.
ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ മുൻ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക് കൈക്കൂലി നല്‍കിയെന്ന കേസിൽ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി അഞ്ച് വര്‍ഷം തടവിനാണ് ലീയെ ശിക്ഷിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായികൾക്ക് സാമ്പത്തിക കാരണങ്ങളാൽ ശിക്ഷയിൽ ഇളവ് നൽകുന്നത് ദക്ഷിണ കൊറിയയിൽ പതിവാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശതകോടീശ്വരൻ ലീ ജാ യങ്ങിനെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സംഭാവനകൾ നൽകുന്നതിനായി മോചിപ്പിക്കുകയാണെന്ന് നീതിന്യായ മന്ത്രി ഹാൻ ഡോങ്-ഹൂൺ പറഞ്ഞു. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 7.9 ബില്യൺ ഡോളർ ആസ്തിയുള്ള ലീ ലോക സമ്പന്നരിൽ 278ാം സ്ഥാനത്താണ്.
18 മാസത്തെ ജയിൽവാസത്തിന് ശേഷം 2021 ആഗസ്റ്റിൽ പരോളിൽ ലീ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രപതി ശിക്ഷയിളവ് നൽകിയതോടെ അദ്ദേഹത്തിന് ജോലിയിൽ പ്രവേശിക്കാനാകും. നേരത്തെ, അഞ്ചു വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ലീക്ക്, ജോലിയിൽ പ്രവേശിക്കുന്നതിന് അഞ്ചുവർഷത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചെയ്തുതന്ന സഹായങ്ങള്‍ക്കു പകരമായി പ്രസിഡന്റിന്റെ വിശ്വസ്തസഹായിക്ക് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണസമിതി കണ്ടെത്തിയത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാർക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.
സാംസങ് ഇലക്ട്രോണിക്സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. സാസംങ്ങിന്റെ ചെയര്‍മാനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുമ്പുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അതിനാല്‍ ലി ജാ യങ്ങാണ് കമ്പനിയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.