എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി വാങ്ങി അദാനി

ന്യൂഡൽഹി: രാജ്യ​ത്തെ മുൻനിര മാധ്യമസ്ഥാപനങ്ങളിലൊന്നായ എൻ.ഡി.ടി.വി (ന്യുദൽഹി ടെലിവിഷൻ ലിമിറ്റഡ്)യിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 29.18 ശതമാനം ഓഹരി ഏ​റ്റെടുക്കുന്നതിന് പുറമേ, 26 ശതമാനം കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനം അറിയിച്ചതായി അദാനി ഗ്രൂപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇടപാടുകൾ പൂർത്തിയായാൽ എൻ.ഡി.ടി.വിയിൽ അദാനിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തമാകും. മാധ്യമമേഖലയിൽ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങുന്നത്. 29.18 ശതമാനം ഓഹരി എൻ.ഡി.ടിവിയിൽ നിന്ന് നേരിട്ടല്ല ഏറ്റെടുക്കുന്നത്. എൻ.ഡി.ടി.വിയുടെ പ്രമോട്ടർമാരായ ആർ.ആർ.പി.ആർ എന്ന കമ്പനിയിയു​​ടെ 99.5 ശതമാനം ഓഹരി എ.എം.ജി മീഡിയയു​ടെ ഉപ കമ്പനിയായ വി.സി.പി.എൽ ഏറ്റെടുക്കും. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാൻ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കിൽ 493 കോടി രൂപയാണ് അദാനിയു​ടെ വാഗ്ദാനം.

അദാനിയു​​ടെ നീക്കം പുറത്തുവന്നതിന് പിന്നാലെ എൻ.ഡി.ടി.വിയുടെ ഓഹരി വില ബോംബെ സ്റ്റോക്ക് എക്സേഞ്ചിൽ 366.20 രൂപയായി. പുതുകാലത്തെ വിവിധ മാധ്യമരംഗങ്ങളിൽ പാത തെളിയിക്കാനുള്ള യാത്രയിലെ നാഴികക്കല്ലാണ് എൻ.ഡി.ടി.വിയിലെ പങ്കാളിത്തമെന്ന് എ.എം.ജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡ് സി.ഇ.ഒ സഞ്ജയ് പുഗാലിയ പറഞ്ഞു. വിവരങ്ങളും വാർത്തകളുംകൊണ്ട് രാജ്യത്തെ പൗരന്മാരെയും ഉപഭോക്താക്കളെയും ശാക്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ൽ മുൻപന്തിയിലുള്ള എൻ.ഡി.ടി.വിയാണ് തങ്ങളു​ടെ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ ടെലിവിഷൻ, ഡിജിറ്റൽ സ്ഥാപനമെന്നും സഞ്ജയ് പുഗാലിയ കൂട്ടിച്ചേർത്തു.

എൻ.ഡി.ടി.വി ഗ്രൂപ്പിന് എൻ.ഡി.ടി.വി 24x7, എൻ.ഡി.ടി.വി ഇന്ത്യ, എൻ.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സാമൂഹികമാധ്യമങ്ങളിലും എൻ.ഡി.ടി.വിക്ക് ഫോളോവേഴ്സ് ഏ​റെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 85 കോടി രുപയാണ് ലാഭം. സ്ഥാപകനായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. മാധ്യമമേഖലയിൽ ഇടപെടാൻ കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനമാരംഭിച്ച എ.എം.ജി മീഡിയ നെറ്റ്‍വർക്ക് പിന്നീട് ക്വിന്റ് ഡിജിറ്റലിന്റെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.  

Tags:    
News Summary - Adani media arm to purchase 29.18% stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.