റബര്‍ വിലയിടിവ് തുണയായി; ടയര്‍ കമ്പനികള്‍ക്ക് ലാഭക്കുതിപ്പ്

മുംബൈ: റബര്‍ വിലയിടിവില്‍ കേരളത്തിലെ കര്‍ഷകര്‍ കണ്ണീരൊഴുക്കുമ്പോള്‍ രാജ്യത്തെ ടയര്‍ കമ്പനികള്‍ക്കും അവയിലെ ഓഹരി നിക്ഷേപകര്‍ക്കും സന്തോഷിക്കാന്‍ വക. ടയര്‍ കമ്പനികളുടെ ലാഭം കുതിക്കുകയാണ്. ഏപ്രില്‍ -ജൂണ്‍ സാമ്പത്തിക പാദത്തില്‍ എം.ആര്‍.എഫിന്‍െറ അറ്റ ലാഭത്തില്‍ 94 ശതമാനമാണ് കുതിപ്പെങ്കില്‍ ജെ.കെ ടയറിന് ഇത് 115 ശതമാനമാണ്. ടി.വി.എസ് ശ്രീചക്രക്ക് 184 ശതമാനവും സീയറ്റിന് 134 ശതമാനവുമാണ് ലാഭവളര്‍ച്ച. എം.ആര്‍.എഫിന്‍െറ അറ്റ ലാഭം 447 കോടി രൂപയും ജെ.കെ ടയറിന്‍െറ ലാഭം 124 കോടി രൂപയും അപ്പോളോ ടയറിന്‍െറ ലാഭം 291 കോടിയുമാണ്. വരുമാന വളര്‍ച്ച മാറ്റമില്ലാതെ നില്‍ക്കുമ്പോഴാണ് ലാഭത്തിലെ ഈ കുതിപ്പ്. കൊച്ചി സ്പോട്ട് മാര്‍ക്കറ്റില്‍ ഇക്കാലയളവില്‍ റബര്‍ വില 13 ശതമാനം ഇടിഞ്ഞ് ശരാശരി 126.17 രൂപയായിരുന്നു. ബ്രന്‍ഡ് ക്രൂഡ് ഓയിലിന് ശരാശരി 62 ഡോളറായിരുന്നു. റബറിന്‍െറയും എണ്ണയുടെയും വില വീണ്ടും താഴ്ന്നതോടെ വരുംമാസങ്ങളിലും ടയര്‍ കമ്പനികളുടെ അറ്റ ലാഭത്തില്‍ കുതിപ്പ് തുടരുമെന്നാണ് സൂചന. ജൂലൈ, ആഗസ്റ്റ് പാദത്തില്‍ എണ്ണവില ബാരലിന് ശരാശരി 46 എന്ന നിലയിലേക്കും റബറിന് കിലോക്ക് 116 എന്ന നിലയിലേക്കും താഴ്ന്നിരുന്നു. അതേസമയം, ചൈന യുവാന്‍െറ മൂല്യം കുറച്ചത് കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഇപ്പോള്‍തന്നെ ഇന്ത്യയിലേക്ക് ചൈനീസ് ടയറിന്‍െറ ഒഴുക്കുണ്ട്. ഇതുകൂടാന്‍ മൂല്യം കുറക്കല്‍ വഴിയൊരുക്കും. 2014-15ല്‍ ട്രക്ക്, ബസ് ടയറുകളുടെ ഇറക്കുമതി 50 ശതമാനം വര്‍ധിച്ച് 5.50 ലക്ഷം യൂനിറ്റിലത്തെിയിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.