സുന്ദര്‍ പിച്ചെ, കൂടുതല്‍ ഉയരങ്ങളിലേക്ക്

ചെന്നൈ: സൈബര്‍ ലോകത്തിന്‍െറ വാര്‍ത്താതാരമായി മാറിയിരിക്കുകയാണ് സുന്ദര്‍ പിച്ചെ എന്ന തമിഴ്നാട്ടുകാരന്‍. ഒരു ദശകക്കാലം ഗൂഗ്ളിന്‍െറ അണിയറയില്‍ നടത്തിയ നിശ്ശബ്ദ വിപ്ളവത്തിനുശേഷമാണ് ഇദ്ദേഹം സ്ഥാപനത്തിന്‍െറ അമരത്തത്തെിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് അത്രതന്നെ പരിചിതനല്ളെങ്കിലും ഇന്‍റര്‍നെറ്റ് ലോകത്ത് നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്നാണ് സുന്ദര്‍ പിച്ചെ. ഗൂഗ്ളിന്‍േറതായി നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ടു മിക്ക ആപ്ളിക്കേഷനുകളിലും ഇദ്ദേഹത്തിന്‍െറ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഗൂഗ്ള്‍ ക്രോം എന്ന ബ്രൗസറും മൊബൈല്‍ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. ഇന്‍റര്‍നെറ്റ് ലോകത്തെ കനത്ത മത്സരങ്ങള്‍ക്കിടയിലും തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ഗൂഗ്ളിന് താങ്ങായി വര്‍ത്തിച്ചത് സുന്ദറിന്‍െറ നേതൃത്വത്തിലുള്ള മികച്ച സംഘമായിരുന്നെന്ന് കമ്പനിയുടെ സ്ഥാപകരിലൊരാളായ ലാറി പേജ് സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ, ടൈം മാഗസിന്‍ സുന്ദറിനെ ലാറി പേജിന്‍െറ വലംകൈ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദറിനെപ്പോലെ കാര്യക്ഷമതയും ആത്മാര്‍ഥതയുമുള്ള ഒരു വിദഗ്ധനെ ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നാണ് ലാറി പേജിന്‍െറ പ്രതികരണം.

ഇപ്പോള്‍, ഗൂഗ്ള്‍ കമ്പനിയുടെ ഘടനയിലുണ്ടായ മാറ്റത്തിന്‍െറ ബുദ്ധികേന്ദ്രവും ഈ ഇന്ത്യക്കാരന്‍തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വ്യത്യസ്ത വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിന് മറ്റൊരു മാതൃ കമ്പനി (ആല്‍ഫബെറ്റ്) സ്ഥാപിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത് സുന്ദറാണത്രെ. 1972 ജൂലൈ 12ന് ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് സുന്ദര്‍ ജനിച്ചത്. പത്മശേഷാദ്രി ബാലഭവനില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കി ഉന്നതപഠനത്തിനായി യു.എസിലേക്ക് തിരിച്ചു. സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയില്‍നിന്ന് എം.എസ് ബിരുദവും പെന്‍സല്‍വേനിയയില്‍നിന്ന് എം.ബി.എയും നേടി. തുടര്‍ന്ന്, മെക്കന്‍സി ആന്‍ഡ് കമ്പനിയില്‍ പ്രോഡക്ട് മാനേജ്മെന്‍റ് വിഭാഗത്തില്‍ ചേര്‍ന്നു.

2004ലാണ് ഗൂഗ്ളില്‍ ചേര്‍ന്നത്. ഗൂഗ്ള്‍ ഗിയേഴ്സ് ആന്‍ഡ് ഗൂഗ്ള്‍ പാക്ക്, ഇന്‍റര്‍നെറ്റ് എക്സ്പ്ളോററിനായി വികസിപ്പിച്ച ഗൂഗ്ളിന്‍െറ ടൂള്‍ബാര്‍ എന്നീ ഉല്‍പന്നങ്ങളിലാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. ഗൂഗ്ള്‍ ടൂള്‍ബാര്‍ എന്ന ബ്രൗസര്‍ വന്‍ വിജയമായതോടെ, ഗൂഗ്ള്‍ സ്വന്തം ബ്രൗസറായ ഗൂഗ്ള്‍ ക്രോം നിര്‍മിക്കാന്‍ സുന്ദറിനെതന്നെ ചുമതലപ്പെടുത്തി. ഇതോടെ, 2008ല്‍ സുന്ദര്‍ ഗൂഗ്ള്‍ പ്രോഡക്ട് ഡെവലപ്മെന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 2009ലാണ് ക്രോം പുറത്തുവന്നത്. 2013 മുതല്‍ ഗൂഗ്ളിന്‍െറ ആന്‍ഡ്രോയ്ഡ് വിഭാഗത്തെ നയിക്കുന്നതും സുന്ദര്‍ പിച്ചെ ആണ്. കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുന്ന ‘ആന്‍ഡ്രോയ്ഡ് വണ്‍’ പദ്ധതി ആവിഷ്കരിച്ചതും ഇദ്ദേഹംതന്നെ.  
ഗൂഗ്ളിന്‍െറ ഓരോ നേട്ടത്തിനുമൊപ്പം നടന്ന സുന്ദറിനെ സ്വന്തമാക്കാന്‍ പല വമ്പന്മാരും പല പ്രാവശ്യം ശ്രമിച്ചിരുന്നു. 2011ല്‍, ട്വിറ്റര്‍ സുന്ദറിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഗൂഗ്ള്‍ വിടാന്‍ തയാറായില്ല. കഴിഞ്ഞ വര്‍ഷം, മൈക്രോസോഫ്റ്റ് പുതിയ സി.ഇ.ഒയെ തേടിയപ്പോഴും ആ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു. പിന്നീട് ആ സ്ഥാനത്ത് ഇന്ത്യക്കാരന്‍തന്നെയായ സത്യ നദല്ലയാണ് വന്നത്.
ഗൂഗ്ള്‍ സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ട സുന്ദര്‍ പിച്ചെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.