ധനകാര്യ മേഖല‍യിൽ ഏറ്റവും വലിയ വിദേശ നിക്ഷേപം: ഐ.ഡി.ബി.ഐ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ കനേഡിയൻ കമ്പനിക്ക്

ഇന്ത്യ: ഐ.ഡി.ബി.ഐ ബാങ്കിന്‍റെ ഭൂരിപക്ഷം ഓഹരികളും കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് 52,878 കോടി രൂപയ്ക്ക് വിൽക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് സ്വകാര്യവൽക്കരണങ്ങളിലൊന്നിനും രാജ്യത്തെ സാമ്പത്തിക സേവന മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനുമാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.

കേന്ദ്ര സർക്കാറും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (LIC) കൈവശം വച്ചിരിക്കുന്ന ആകെ 60.72 ശതമാനം ഓഹരികളാണ് ഫെയർഫാക്സ് സ്വന്തമാക്കുന്നത്. ഇതിൽ സർക്കാർ 30.48 ശതമാനവും എൽ.ഐ.സി 30.24 ശതമാനം ഓഹരികളുമാണ് വിറ്റഴിക്കുന്നത്. നിർദ്ദിഷ്ട കരാർ പ്രകാരം ഒരു ഓഹരിക്ക് 81 രൂപ നിരക്കിലാണ് ഓഫർ നിശ്ചയിച്ചിരിക്കുന്നത്. ഇത് ബുധനാഴ്ചയിലെ ഐ.ഡി.ബി.ഐ ബാങ്കിന്റെ ക്ലോസിങ് വിലയായ 90.40 രൂപയേക്കാൾ 11 ശതമാനം കിഴിവിലാണ്. 2021ൽ ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയുടെ ഓഹരികൾ 18,000 കോടി രൂപക്ക് വിറ്റതിനെ മറികടന്ന്, സർക്കാറിന്റെ എക്കാലത്തെയും വലിയ തന്ത്രപരമായ ഓഹരി വിറ്റഴിക്കലായി ഇത് മാറും. ഈ ഇടപാടിന് ശേഷം, സർക്കാറും എൽ.ഐ.സിയും ചേർന്ന് ബാങ്കിൽ 34 ശതമാനം ഓഹരികൾ നിലനിർത്തും.

അതേസമയം ഓഹരി വിറ്റഴിക്കലിനെതിരെ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. ഓഹരി വിൽപന നിർത്തിവെക്കണമെന്നാണ് ആവശ്യം. ബാങ്കിന്റെ മൂല്യനിർണ്ണയം, വാങ്ങുന്നയാളുടെ യോഗ്യതകൾ, ഈ ഇടപാട് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വികസന മേഖലയ്ക്കുള്ള വായ്പകൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയിൽ ജീവനക്കാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തി.  

വിൽപ്പന വിലയ്ക്ക് പുറമെ സേവന വ്യവസ്ഥകൾ, സംവരണ നയങ്ങൾ, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ, ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്ന നിയമപരമായ സംരക്ഷണങ്ങൾക്ക് ജീവനക്കാരുടെ ഫോറം ആവശ്യപ്പെട്ടു. സർക്കാറിന്റെ 'ആത്മനിർഭർ ഭാരത്' ആശയത്തിന് വിരുദ്ധമാണ് നിർദ്ദിഷ്ട ഇടപാടെന്ന് ഫോറം വാദിച്ചു.

ഐഡിബിഐ ബാങ്ക് തുടർന്നും നിലവിലുള്ള ഡയറക്ടർ ബോർഡ് തന്നെയാണ് നിയന്ത്രിക്കുകയെന്നും, ജീവനക്കാരുടെ നിലവിലുള്ള സേവന വ്യവസ്ഥകളിൽ മാറ്റമുണ്ടാകില്ലെന്നും, ബാങ്കിന്റെ പെൻഷൻ ഫണ്ടും മറ്റ് ആനുകൂല്യങ്ങളും സുരക്ഷിതമാണെന്നും സർക്കാർ പ്രതിനിധി അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - IDBI Bank shares sells to Fairfax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.