അടച്ചുപൂട്ടൽ രക്ഷയായി; അദാനിക്കെതിരായ യു.എസ് അന്വേഷണം സ്തംഭിച്ചു

മുംബൈ: ഇന്ത്യയിലെ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിക്കെതിരായ യു.എസ് അന്വേഷണം സ്തംഭിച്ചു. യു.എസ് സർക്കാർ പ്രഖ്യാപിച്ച ഷട്ട്ഡൗൺ കാരണമാണ് താൽകാലികമായി അന്വേഷണം നിർത്തിവെച്ചത്. ഷട്ട്ഡൗണിന്റെ ഭാഗമായി ഫണ്ട് ലഭ്യമല്ലാത്തതിനാൽ നിരവധി സർക്കാർ സ്ഥാപനങ്ങളാണ് താൽകാലികമായി അടച്ചുപൂട്ടിയത്.

ഷട്ട്ഡൗൺ കാരണം കേസ് കൈകാര്യം ചെയ്തിരുന്ന അറ്റോർണിക്ക് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് യു.എസിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) കോടതിയെ അറിയിച്ചു. ഒക്ടോബർ 10നാണ് എസ്.ഇ.സി യു.എസ് മജിസ്ട്രേറ്റ് കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്. തുടർന്ന് ഷട്ട്ഡൗൺ പൂർത്തിയായി 30 ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് ജഡ്ജ് ​ജെയിംസ് ചോ ആവശ്യപ്പെട്ടു.

സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കഴിഞ്ഞ നവംബറിൽ ബ്രൂക്‍ലിൻ പ്രോസിക്യൂട്ടർമാർ അദാനിക്കെതിരെ കേസെടുത്തത്. അദാനി ​ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സികുട്ടിവുമാരായ സാഗർ ആർ. അദാനിയും വിനീത് എസ്. ജെയിനും കേസിലുൾപ്പെട്ടിരുന്നു.

പിന്നാലെ, അദാനി ഗ്രീൻ എനർജി കമ്പനിയെ കുറിച്ചു നൽകിയ വിവരങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഓഹരി നിക്ഷേപ നിയമങ്ങൾ ​ലംഘിച്ചതായും ചൂണ്ടിക്കാട്ടി ഗൗതം അദാനിക്കും മരുമകൻകൂടിയായ സാഗർ അദാനിക്കുമെതിരെ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും കേസെടുക്കുകയായിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അദാനി ​ഗ്രൂപ്പ് നേരത്തെ പ്രതികരിച്ചത്. പ്രതികളോ അദാനി ഗ്രൂപ്പ് അഭിഭാഷകരോ ഇതുവരെ കോടതിയിൽ ഹാജരാകുകയും ചെയ്തിട്ടില്ല.

Tags:    
News Summary - US SEC lawsuit against Adani paused amid govt shutdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.