പൗരന്മാരെ പിരിച്ചുവിടുന്നു; ഇന്ത്യൻ ഐ.ടി കമ്പനികൾക്കെതിരെ യു.എസ് അന്വേഷണം

വാഷിങ്ടൺ: ഇന്ത്യയിലെ രണ്ട് മുൻനിര ഐ.ടി കമ്പനികൾക്കെതിരെ അന്വേഷണം തുടങ്ങി യു.എസ് സർക്കാർ. യു.എസ് പൗരന്മാ​രെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ടാറ്റ കൺസൾട്ടൻസി സർവിസസ് (ടി.സി.എസ്), കൊഗ്നിസന്റ് തുടങ്ങിയ കമ്പനികളെ ചോദ്യം ചെയ്യും. യു.എസ് സെനറ്റിലെ നീതിന്യായ സമിതിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. ഇന്ത്യൻ ഐ.ടി ജീവനക്കാർക്ക് യു.എസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്‍വൺബി വിസയുടെ ഫീസ് പ്രസിഡന്റ് ഡോണൾ ട്രംപ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് അന്വേഷണ നടപടി.

ചോദ്യം ചെയ്യുമെന്ന് അറിയിച്ച് ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ തുടങ്ങിയ പത്ത് കമ്പനികൾക്കാണ് സെനറ്റ് സമിതി നോട്ടിസ് നൽകിയത്. സമിതി ചെയർമാൻ റിച്ചാർഡ് ജെ. ഡർബിൻ, സെനറ്റർ ചാൾസ് ​ഗ്രേസ്‍ലി തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് പകരം വിദേശികളായ പ്രൊഫഷനലുകളെ എച്ച്‍വൺബി വിസയിൽ നിയമിച്ചത് സംബന്ധിച്ചാണ് സമിതി വിശദീകരണം തേടിയത്. ഒമ്പത് ചോദ്യങ്ങൾക്ക് ഒക്ടോബർ പത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.

നിരവധി അമേരിക്കൻ പ്രൊഫഷനലുകളെ പിരിച്ചുവിട്ട് ടി.സി.എസ് വിദേശികളെ നിയമിക്കുകയാണെന്ന് സി.ഇ.ഒ കെ. കൃതിവാസന് അയച്ച ഇ-മെയിൽ നോട്ടിസിൽ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം മാത്രം അഞ്ച് ഡസൻ ജീവനക്കാരെയാണ് ജാക്സൺവില്ല ഓഫിസിൽനിന്ന് പുറത്താക്കിയത്. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 12,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സമിതി വ്യക്തമാക്കി.

അതുപോലെ, നിയമനത്തിൽ കൊഗ്നിസന്റ് വംശീയ വിവേജനം കാണിക്കുകയാണെന്ന് സി.ഇ.ഒ രവി ​കുമാറിന് അയച്ച ഇ-മെയിലിൽ സമിതി ആരോപിച്ചു. അമേരിക്കക്കാർക്ക് പകരം ദക്ഷിണേഷ്യൻ ​തൊഴിലാളികൾക്കാണ് നിയമനത്തിൽ പ്രാധാന്യം നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.

Tags:    
News Summary - us government questions indian IT companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.