ആദായ നികുതിയിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ വൻ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്​

ന്യൂഡൽഹി: കോവിഡ്​ മൂന്നാംതരംഗത്തിന്‍റെ പശ്​ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിൽ പ്രതിസന്ധി മറികടക്കാനുള്ള വൻ പ്രഖ്യാപനങ്ങൾ ഇടംപിടിച്ചില്ല. പി.എം ഗതിശക്​തി പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനമേഖലക്ക്​ ഊന്നൽ നൽകുന്ന ബജറ്റിൽ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥക്ക്​ വേണ്ടിയുള്ള നിർദേശങ്ങൾ ധനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്​. ഒരു രാജ്യം ഒരു രജിസ്​ട്രേഷൻ പദ്ധതി വഴി ഭൂമി രജിസ്​ട്രേഷൻ ഏകീകരിച്ചതും ഡിജിറ്റൽ കറൻസിയുടെ വരവുമാണ്​ ബജറ്റിലെ പ്രധാന പ്രഖ്യാപനം. കസ്റ്റംസ്​ ഡ്യൂട്ടി കുറച്ചത്​ മൊബൈൽ ഫോൺ, രത്നങ്ങൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ എന്നിവയുടെ വില കുറയതിന്​ കാരണമാകും.

എന്നാൽ, ഇക്കുറിയും ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. തെറ്റുതിരുത്തി നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട്​ വർഷം അനുവദിച്ചതാണ്​ ഈ മേഖലയിലെ പ്രധാനമാറ്റം. റോഡ്​, റെയിൽവേ, വിദ്യാഭ്യാസം, ടെലികോം തുടങ്ങിയ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്​.

അടിസ്ഥാന സൗകര്യവികസന മേഖലയിൽ കൂടുതൽ പണമിറക്കി ജനങ്ങൾക്ക്​ തൊഴിൽ ലഭ്യമാക്കാനുള്ള നീക്കം ഈ ബജറ്റിലും കാണാം. മൂലധനചെലവ്​ 35 ശതമാനം വർധിപ്പിച്ചതും കോവിഡ്​ പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്​. സംസ്ഥാനങ്ങൾക്ക്​ ഒരു ലക്ഷം കോടി വായ്പ അനുവദിച്ചതും പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തി തന്നെയാണ്​. അതേസമയം, വായ്പ പരിധി ഉയർത്താത്തത്​ സംസ്ഥാനങ്ങൾക്ക്​ തിരിച്ചടിയാവും.

5ജി, ഇ-പാസ്​പോർട്ട്​ , പോസ്റ്റ്​ ഓഫീസുകളിലെ കോർ ബാങ്കിങ്​ സംവിധാനം എന്നിവയെല്ലാം ഇക്കുറിയും ബജറ്റിൽ ഉൾപ്പെടുന്നുണ്ട്​. കോവിഡുകാലത്ത്​ പഠനം ഡിജിറ്റലിലേക്ക്​ മാറിയതോടെ ഇതിനെ സഹായിക്കാനായി കൂടുതൽ നിർദേശങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ പുതിയ ചാനലുകൾ വരുന്നത്​ ഡിജിറ്റൽ പഠനത്തിന്‍റെ വേഗം കൂട്ടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിനൊപ്പം കാർഷികമേഖലയുടെ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഇടപിടിച്ചിട്ടുണ്ട്​. 

2022-02-01 12:36 IST

വജ്രം, രത്നക്കല്ലുകൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചുശതമാനം കുറച്ചു. ഇതോടെ വജ്രം,രത്നം, ആഭരണത്തിൽ ഉപയോഗിക്കുന്ന കല്ലുകൾ എന്നിവക്ക് വിലകുറയും. 

2022-02-01 12:31 IST

പൂർണമായും ഐ.ടി അധിഷ്ടിത ജി.എസ്.ടി സംവിധാനമാണ് നിലവിൽ. ജനുവരി 2022ൽ ജി.എസ്.ടി വരുമാനം 1,40,986 ആയി ഉയർന്നു. ഇത് നികുതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാ​െണന്നും ധനമന്ത്രി പറഞ്ഞു. 

2022-02-01 12:22 IST

പ്രതിരോധമേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിക്കും. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. പ്രതി

രോധ ഗവേഷണ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും. 

2022-02-01 12:18 IST

ഡിജിറ്റൽ സ്വത്തുക്കളുടെ കൈമാറ്റത്തിൽനിന്ന് ലഭിക്കുന്ന ആദായത്തിന് 30 ശതമാനം നികുതി. ഡിജിറ്റൽ അസറ്റ് ഗിഫ്റ്റുകൾക്കും നികുതി ഏർപ്പെടുത്തും.

2022-02-01 12:17 IST

ഭിന്നശേഷിക്കാർക്ക് നികുതിയിളവ്. ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷകർത്താക്കൾക്കും നികുതി ഇളവ് നൽകും. സ്റ്റാർട്ട് അപ്പുകൾക്ക് ആദായ നികുതി അടക്കാനുള്ള കാലാവധി നീട്ടിനൽകി 

2022-02-01 12:13 IST

സഹകരണ സംഘങ്ങളുടെ നികുതി നിരക്ക് 15 ശതമാനമാക്കി കുറച്ചു. 

2022-02-01 12:12 IST

പുതിയ പുതുക്കിയ നികുതി റിട്ടേണുകൾ. ആദായനികുതി വകുപ്പ് പുതിയ മാർഗരേഖ തയാറാക്കി. നികുതി ദായകരുടെ തെറ്റുകൾ തിരുത്തി രണ്ടുവർഷത്തിനുള്ളിൽ പുതിയ റിട്ടേണുകൾ സമർപ്പിക്കാൻ അവസരം നൽകും. 

2022-02-01 12:03 IST

രാജ്യത്ത് ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്രബാങ്ക് ​ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കും. ഇതിനായി ബ്ലോക്ക് ചെയിൻ സാ​ങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. 

2022-02-01 12:00 IST

2022-23ൽ കേന്ദ്രസർക്കാറിന്റെ മൂലധന ചിലവ് 10.68 കോടി രൂപ പ്രതീക്ഷിക്കുന്നു. ജി.ഡി.പിയുടെ 4.1 ശതമാനം വരുത്. കേന്ദ്രസർക്കാറിന്റെ ചെലവുകളിൽ 30 ശതമാനം വർധനയാകും ഇത്. 

2022-02-01 11:56 IST

SEZ (പ്രത്യേക സാമ്പത്തിക ​മേഖലകൾ) നിയമത്തിന് പകരം പുതിയ നിയമനിർമാണം. നിലവിലുള്ള വ്യാവസായിക കേന്ദ്രങ്ങളെ ഉൾക്കൊള്ളുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും.

Tags:    
News Summary - Union Budget 2022 Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.