പേടിഎം 1000ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു

ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ യൂണിറ്റുകളിലായി മാസങ്ങൾക്ക് മുമ്പേ പിരിച്ചുവിടൽ ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പേടിഎമ്മിന്‍റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ത്യൻ പുതുതലമുറ ഫിൻടെക് കമ്പനികളിലെ ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടന്നത്. ഫണ്ടിങ് കുറഞ്ഞതോടെ പുതുതലമുറ കമ്പനികൾ സമ്മർദം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. 2022ൽ 20,000ലേറെ തൊഴിലാളികളെയും 2021ൽ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.

പേടിഎമ്മിന്‍റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും 'ബൈ നൗ പേ ലേറ്റർ' പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

അതിനിടെ, ആഗോള ഐ.ടി ഭീമനായ ഗൂഗ്ളിന്‍റെ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാർ തൊഴിൽ നഷ്ടമാകുമോയെന്ന ഭീതിയിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരസ്യമേഖലയിൽ ഉപയോഗിക്കുമ്പോഴാണ് തൊഴിൽ നഷ്ടമുണ്ടാകുന്നത്. പുതിയ ടൂൾ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർദേശിക്കും. 2023ൽ 12,000ത്തോളം ജീവനക്കാരെ ഗൂഗ്ൾ പിരിച്ചുവിട്ടിരുന്നു.

Tags:    
News Summary - Paytm fires over 1,000 employees across units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.