കെ.എഫ്.സി ചിക്കനും പിസയും ഇനി ഒരുമിച്ച്; മുൻനിര ക്യൂ.എസ്.ആർ കമ്പനികൾ ലയിക്കുന്നു

മുംബൈ: കെ.എഫ്.സിയുടെയും പിസ ഹട്ടിന്റെയും ഫ്രാ​ഞ്ചൈസികൾ നടത്തുന്ന ദേവയാനി ഇന്റർനാഷനലും സഫയർ ഫൂഡ്സ് ഇന്ത്യയും ലയിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്വിക് സർവിസ് റസ്റ്ററന്റ് (ക്യൂ.എസ്.ആർ) ആകുകയാണ് ലക്ഷ്യം. വ്യാഴാഴ്ച വൈകിയാണ് ഇരു കമ്പനികളും ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്. ദേവയാനിയുമായി സഫയർ ഫൂഡ്സ് ലയിക്കുന്നതോടെ കമ്പനിയുടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 3000ത്തിലേറെയായി ഉയരും. ലയനം ഏപ്രിൽ 11 ഓടെ പ്രാബല്യത്തിൽ വരും.

ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികളാണ് ദേവയാനിയും സഫയറും. ലയനം സംബന്ധിച്ച വാർത്തയെ തുടർന്ന് ദേവയാനി ഓഹരി വിലയിൽ മൂന്ന് ശതമാനത്തിലേറെ മുന്നേറ്റമുണ്ടായി. എന്നാൽ, സഫയർ ഓഹരികൾ നിക്ഷേപകർ വിറ്റൊഴിവാക്കുകയാണുണ്ടായത്. ഇതേതുടർന്ന് ഓഹരി വിലയിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ലയനം യാഥാർഥ്യമാകുന്നതോടെ 100 സഫയർ ഓഹരികളു​ള്ള നിക്ഷേപകർക്ക് 177 ദേവയാനി ഓഹരികൾ ലഭിക്കും. ലയനത്തിലൂടെ രണ്ട് വർഷത്തിനകം ഇരു കമ്പനികൾക്കും 225 കോടി രൂപയുടെ ​സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് ​പ്രതീക്ഷ. യു.എസ് ആസ്ഥാനമായ യം ബ്രാൻഡുകളുടെ (കെ.എഫ്.സി, പിസ ഹട്ട്) ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണ് ദേവയാനി. ആർ.ജെ കോർപറേഷന്റെ ചെയർമാനും വ്യവസായിയുമായ രവി ജയ്പൂരിയയാണ് ദേവയാനി തുടങ്ങിയത്. പെപ്സിയുടെ ഇന്ത്യയിലെ ​വിതരണക്കാരായ വരുൺ ബിവറേജസും ആർ.ജെ കോർപറേഷന്റെ കമ്പനിയാണ്.

2000ലേറെ കെ.എഫ്.സി, പിസ ഹട്ട് സ്റ്റോറുകളാണ് ദേവയാനിക്കുള്ളത്. തായ്‍ലൻഡ്, നൈജീരിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് സ്റ്റോറുകളുണ്ട്. അതേസമയം, 2015ൽ സമാറ കാപിറ്റൽ സ്ഥാപിച്ച സഫയറിന് ഇന്ത്യക്ക് പുറമെ, ശ്രീലങ്കയിലും മാലദ്വീപിലും കെ.എഫ്.സി, പിസ ഹട്ട് സ്റ്റോറുകളുണ്ട്. 

Tags:    
News Summary - KFC operators Sapphire Foods-Devyani International's merger to create fast-food giant in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.