അനിശ്ചിതാവസ്ഥയിലും നേട്ടംകൊയ്ത് നിക്ഷേപകർ

വാർത്തചാനലായ എൻ.ഡി.ടി.വിയുടെ ഓഹരികൾ വ്യവസായി ഗൗതം അ‌ദാനി സ്വന്തമാക്കിയതാണ് വിപണിയിലെ ചൂടേറിയ ചർച്ച. എൻ.ഡി.ടി.വി ഓഹരി അ‌ഞ്ച് വ്യാപാര ദിനത്തിനിടെ 19 ശതമാനത്തിലേറെ ഉയർന്നു. ഏറ്റവും വിലയുള്ള മാധ്യമകമ്പനി ഓഹരിയായി എൻ.ഡി.ടി.വി മാറി. അ‌ദാനി ഗ്രൂപ് ഈ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിയേക്കുമെന്ന അ‌ഭ്യൂഹങ്ങൾ നേരത്തേയുണ്ട്. ഡിസംബറിൽ 75 രൂപയായിരുന്നു ഓഹരി വില. ഇതാണ് കുതിച്ചുയർന്ന് 427 രൂപയിൽ എത്തിയിരിക്കുന്നത്. ഈ കുതിപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ചെറുകിട നിക്ഷേപകരാണ്.

അ‌തുപോലെ ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരണ നീക്കങ്ങളും നിക്ഷേപകർക്ക് നേട്ടം സമ്മാനിച്ചു. കേന്ദ്രസർക്കാറും എൽ.ഐ.സിയുമാണ് ബാങ്കിന്റെ ഉടമകൾ. ഭൂരിഭാഗം ഓഹരികളും വിറ്റ് ബാങ്കിനെ പൂർണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ ഓഹരി വില കുതിച്ചുയർന്നു. സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നത് ബാങ്കിനെ വളർച്ചയിലേക്ക് നയിക്കുമെന്ന നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഒരാഴ്ചക്കിടെ ഓഹരി വിലയിൽ 17 ശതമാനം മുന്നേറ്റമുണ്ടാക്കിയത്.

എങ്കിലും വിപണിയിൽ അ‌നിശ്ചിതാവസ്ഥ നിലനിന്ന വാരമാണ് കടന്നുപോയത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസിലെ പലിശനിരക്ക് വർധനയാണ് വിപണിയിൽ ആശങ്കക്കും വിൽപനസമ്മർദത്തിനും ഇടയാക്കിയത്. പലിശനിരക്ക് വീണ്ടും ശക്തമായി ഉയർത്തുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞതോടെ യു.എസ് വിപണിയിൽ കൂട്ടവിൽപനയാണ് നടന്നത്.

നിഫ്റ്റി 1.12 ശതമാനം നഷ്ടത്തിൽ 17,558.90ലും സെൻസെക്സ് 1.36 ശതമാനം നഷ്ടത്തിൽ 58,833.87ലുമാണ് വ്യാപാരം അ‌വസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് (5.93 ശതമാനം) ഏറ്റവും മികച്ച വളർച്ച കൈവരിച്ചത്. 17,725 എന്ന പോയന്റ് മറികടക്കാൻ നിഫ്റ്റിക്ക് കഴിഞ്ഞാൽ മാത്രമേ ഇനിയൊരു മുന്നേറ്റമുണ്ടാകൂ. വരുന്ന ആഴ്ചയിലും ഇടിവ് നേരിടാൻ സാധ്യതയുണ്ടെന്നാണ് അ‌ന്താരാഷ്ട്ര വിപണിയിലെ കൂട്ടവിൽപന നൽകുന്ന സൂചന.

Tags:    
News Summary - Investors benefit from uncertainty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.