ന്യൂഡൽഹി: 'ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്ന പത്മഭൂഷൺ ജേതാവും ദീർഘനാൾ ടാറ്റ സ്റ്റീൽ കമ്പനി മേധാവിയുമായിരുന്ന ഡോ. ജംഷദ് ജെ. ഇറാനി (86) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10ന് ജാംഷഡ്പുരിലെ ടാറ്റ മെയിൻ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ടാറ്റ സ്റ്റീൽ കമ്പനി അറിയിച്ചു. ടാറ്റ സ്റ്റീലിന്റെയും മറ്റു പല ടാറ്റ കമ്പനികളുടെയും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.
1936 ജൂൺ രണ്ടിന് നാഗ്പുരിൽ ജിജി ഇറാനിയുടെയും ഖോർഷെദ് ഇറാനിയുടെയും മകനായാണ് ജനനം. യു.കെയിൽനിന്ന് മെറ്റലർജിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടി. 1968ൽ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ (ഇപ്പോൾ ടാറ്റ സ്റ്റീൽ) റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറുടെ ചുമതലയുള്ള അസിസ്റ്റന്റായി. 1985ൽ ടാറ്റ സ്റ്റീൽ പ്രസിഡന്റും 1988ൽ ജോയിന്റ് മാനേജിങ് ഡയറക്ടറും 1992ൽ മാനേജിങ് ഡയറക്ടറുമായി.
2001 മുതൽ ഒരു ദശാബ്ദക്കാലം നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2011 ജൂണിലാണ് വിരമിച്ചത്. 1992-93ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) ദേശീയ പ്രസിഡന്റായി. 1996ൽ റോയൽ അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇന്ററർനാഷനൽ ഫെല്ലോ ആയി. 1997ൽ എലിസബത്ത് രാജ്ഞിയുടെ ഇൻഡോ-ബ്രിട്ടീഷ് വ്യാപാര-സഹകരണത്തിന് നൽകിയ സംഭാവനകൾക്ക് ഹോണററി നൈറ്റ്ഹുഡ് ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായി.
വ്യവസായരംഗത്തെ സംഭാവനകൾക്ക് 2007ൽ പത്മഭൂഷൺ നൽകി ആദരിച്ചു. മെറ്റലർജി മേഖലയിലെ സേവനങ്ങൾക്കുള്ള അംഗീകാരമായി 2008ൽ ഭാരത സർക്കാറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു. ഭാര്യ: ഡെയ്സി ഇറാനി. മക്കൾ: സുബിൻ, നിലൗഫർ, തനാസ്.
1990കളുടെ തുടക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ നയിക്കുകയും ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചക്കും വികാസത്തിനും വളരെയധികം സംഭാവന നൽകുകയും ചെയ്ത ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ അദ്ദേഹം സ്നേഹപൂർവം സ്മരിക്കപ്പെടുമെന്ന് ടാറ്റ സ്റ്റീൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇറാനിയുടെ വിയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അനുശോചിച്ചു. ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ ഇറാനിയുടെ ദീർഘവീക്ഷണം ഏറെ സഹായിച്ചതായി ടാറ്റ സ്റ്റീൽ സി.ഇ.ഒയും എം.ഡിയുമായ ടി.വി. നരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.