ദീപാവലി പടക്കം പൊട്ടിച്ച് വിപണി; 24 മണിക്കൂറിനകം വിറ്റത് ലക്ഷം കാറുകൾ

മുംബൈ: ഇത്തവണ ദീപാവലി പടക്കം പൊട്ടിച്ചുതുടങ്ങിയത് രാജ്യത്തെ വാഹന വിപണിയാണ്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കാറുകൾ വിൽപന നടത്തിയാണ് ആഘോഷ പൂത്തിരിക്ക് തിരികൊളുത്തിത്. അഞ്ച് ദിവസത്തെ ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ധൻതേരസ് ദിവസമാണ് ഇത്രയും കാറുകൾ ഉപഭോക്താക്കൾ സ്വന്തമാക്കിയത്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച ഉച്ചവരെയായിരുന്നു ധൻതേരസ് സമയം. വാഹനങ്ങളും ആഭരണങ്ങളും മറ്റും വാങ്ങാൻ ഏറ്റവും ശുഭ മുഹൂർത്തമായി ഉത്തരേന്ത്യക്കാർ കരുതുന്ന ദിവസമാണ് ധൻതേരസ്.

ഒറ്റ ദിവസം കൊണ്ട് 10,000 കോടിയോളം രൂപയുടെ വിൽപന നടന്നു. ശരാശരി 8.5 മുതൽ 10 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ഏറ്റവും കൂടുതൽ വാങ്ങിയത്. മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകിയും ടാറ്റ മോട്ടോർസും ഹ്യൂണ്ടായ് മോട്ടോർസും റെക്കോഡ് വിൽപന കൈവരിച്ചു. ആദ്യമായി 50,000ലേറെ കാറുകൾ വിറ്റ് മാരുതിയും ചരിത്രം കുറിച്ചു. കഴിഞ്ഞ ധൻതേരസ് ദിവസം 42,000 വാഹനങ്ങളാണ് കമ്പനി വിൽപന നടത്തിയത്.

ജി.എസ്.ടി വെട്ടിക്കുറച്ചതും വാഹന കമ്പനികൾ നൽകിയ ഓഫറുകളും ലളിതമായ വായ്പ പദ്ധതികളുമാണ് റെക്കോഡ് നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ വാഹനങ്ങൾ വിൽക്കുന്നതെന്ന് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു. വാഹന വിപണിയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച ദീപാവലി സീസണാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് ഒറ്റ ദിവസം കൊണ്ട് 80,000 വാഹനങ്ങൾ മാത്രമാണ് വിൽപന നടത്താൻ കഴിഞ്ഞിട്ടുള്ളത്. 

Tags:    
News Summary - indian car companies mark best ever one day sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.