ആ സത്യം വെളിപ്പെടുത്താം, രഹസ്യ രേഖ പുറത്തുവിട്ട് ബഹുരാഷ്ട്ര കമ്പനി

മും​ബൈ: സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികൾ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ ഓഹരി ഉടമകളുടെ അ‌നുമതി വാങ്ങണം. അ‌താണ് നിയമം. തീരുമാനങ്ങളിൽ യോജിപ്പും വിയോജിപ്പും അറിയിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി അ‌യക്കുന്ന പോസ്റ്റൽ ബാലറ്റ് നോട്ടിസ് ഓഹരി ഉടമകൾ ആരും ശ്രദ്ധിക്കാറില്ല. കമ്പനിയുടെ ഗതി നിർണയിക്കുകയോ ഓഹരി വിലയിൽ കാര്യമായ മാറ്റമുണ്ടാക്കുകയോ ചെയ്യുമെന്ന് തോന്നിയാൽ ചിലർ നോട്ടിസ് വായിച്ചുനോക്കും. ഇ-വോട്ടിങ് നടപടി ക്രമങ്ങൾ വിവരിക്കുന്ന കമ്പനി സെക്രട്ടറിയുടെ നീണ്ട ഇ-മെയിൽ പലപ്പോഴും ഇൻബോക്സിൽ തുറന്നുപോലും നോക്കാതെ കിടക്കാറാണ് പതിവ്.

സി.ഇ.ഒയായി പ്രിയ നായരെ നിയമിച്ച തീരുമാനത്തെ അ‌നുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റിൽ രാജ്യത്തെ പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ് ഓഹരി ഉടമകൾക്ക് നോട്ടിസ് അ‌യച്ചിരുന്നു. കോർപറേറ്റ് ലോകവും മാധ്യമങ്ങളും ഏറെ കൊട്ടിഘോഷിച്ച നിയമനമായിരുന്നു പാലക്കാടൻ കുടുംബത്തിൽ പിറന്ന പ്രിയ നായരുടെത്. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ ഇന്ത്യയിലെ ആദ്യത്തെ വനിത സി.ഇ.ഒയാണ് അ‌വർ. ഒരു ജീവനക്കാരിയായി വന്ന് വർഷങ്ങൾ നീണ്ട സേവനത്തിനൊടുവിൽ ചുരുങ്ങിയത് ഏഴ് ബില്ല്യൻ ഡോളർ വരുമാനമുള്ള കമ്പനിയുടെ നേതൃതലത്തിലേക്ക് ഉയർന്നു വരികയായിരുന്നു പ്രിയ നായർ.

​കോർപറേറ്റ് മുദ്ര പതിഞ്ഞ ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ ആ നോട്ടിസും സാധരണ സംഭവിക്കുന്നത് പോലെ ആരും തിരിനോക്കാതെ പോകേണ്ടതായിരുന്നു. എന്നാൽ, അ‌ങ്ങനെയല്ല സംഭവിച്ചത്. അക്കാദമിക് താൽപര്യത്താലോ കൗതുകം കൊണ്ടോ പോലും 11 പേജുള്ള ആ നോട്ടിസ് വായിക്കാൻ ദീർഘകാല ഓഹരി ഉടമകൾ പോലും മെനക്കെട്ടില്ല. പക്ഷെ, ​ആ നോട്ടിസിൽ കണ്ണോടിച്ചവരുടെ ശ്രദ്ധ പതിഞ്ഞത് ഒരു വരിയിലാണ്. 'സി.ഇ.ഒയുമായി നിങ്ങളുടെ സ്വന്തം കമ്പനി ഏർ​പ്പെട്ട കരാറിന്റെ കോപ്പി ഓഹരി ഉടമകൾക്ക് നൽകാൻ തയാറാണ്'. അതായിരുന്നു ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത അറിയിപ്പ്. പേരും പാൻ കാർഡ് കോപിയും അ‌ടക്കമുള്ള വിശദ വിവരങ്ങൾ സഹിതം ലീവർകെയർ.ഷെയർഹോൾഡർ@യൂനിലിവർ.കോം എന്ന ഇ-മെയിലിൽ ആവശ്യപ്പെട്ടാൽ കരാറിന്റെ കോപി അ‌യച്ചു തരാമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

കമ്പനിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന സി.ഇ.ഒയുമായുള്ള സുപ്രധാന ഉടമ്പടി രേഖ പുറത്തുവിടാൻ ഒരു നിയമവും ആവശ്യപ്പെടുന്നില്ല. അ‌തുകൊണ്ട് തന്നെ ഒരു കമ്പനിയും രേഖ പുറത്തുവിടാറുമില്ല. പക്ഷെ, താൽപര്യമുള്ള ഓഹരി ഉടമകൾക്ക് കമ്പനി നിശ്ചയിക്കുന്ന സമയത്ത് കോർപറേറ്റ് ഓഫിസിൽ നേരിട്ടെത്തി വായിച്ചുനോക്കാൻ അ‌നുവാദം നൽകാറുണ്ട്. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ നോട്ടിസ് അ‌തുക്കും മേലെയായിരുന്നു.

കമ്പനികളുടെ സെൻസിറ്റിവായ രഹസ്യ രേഖകൾ ​കൈമാറുന്നതിന് പല രാജ്യങ്ങളിലും പല നിയമങ്ങളാണ്. ഉദാഹരണത്തിന് യു.എസിലെ ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന കമ്പനികൾ രഹസ്യ വിവരങ്ങൾ ഒഴിവാക്കി മിക്ക രേഖകളും പുറത്തുവിടാറുണ്ട്. ചില ഇന്ത്യൻ കമ്പനികൾ രഹസ്യ രേഖകൾ ബോർഡ് അംഗങ്ങൾക്ക് ഓൺ​ലൈനിൽ വായിക്കാൻ നൽകാറുണ്ട്. പ​ക്ഷെ, ഈ രേഖകൾ ഡൗൺലോഡ് ചെയ്യാനോ പ്രിന്റൗട്ട് എടുക്കാനോ കഴിയില്ല. ഇ-മെയിൽ ചെയ്തു നൽകുന്നത് രഹസ്യ രേഖകൾ ​ചോരാനും വാട്സ്ആപിൽ അ‌ടക്കം ​വ്യാപകമായി സെർകുലേറ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് കമ്പനികളുടെ നിലപാട്. എന്നാൽ, 2013ലെ കമ്പനി നിയമ പ്രകാരം ഇനിയും സുപ്രധാന രേഖകൾ ഓഹരി ഉടമകൾക്ക് ​കൈമാറുമെന്നാണ് ഹിന്ദുസ്ഥാൻ യൂനിലിവർ പറയുന്നത്.

Tags:    
News Summary - hindustan unilever shares copy of agreement to shareholders with its CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.