വരുമാനം ഏഴു ലക്ഷത്തിന് അല്പം മുകളിലാണോ? ഭീമൻ നികുതി പേടിക്കേണ്ട

ന്യൂഡൽഹി: പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്ന വ്യക്തിഗത നികുതിദായകർക്ക് നിശ്ചിത പരിധിയിൽനിന്ന് അൽപം ഉയർന്ന വരുമാനമുണ്ടായാൽ ആശ്വാസം നൽകുന്ന ഭേദഗതിക്ക് അംഗീകാരം. ലോക്സഭ വെള്ളിയാഴ്ച പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ നികുതി ഘടനയനുസരിച്ച് ഏഴു ലക്ഷം വരെയുള്ള വാർഷിക വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല. എന്നാൽ, ഏഴുലക്ഷം രൂപ കടന്നാൽ മൂന്നു ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി നൽകണം. അതായത് വരുമാനം 7,00,100 ആയാൽ 25,010 രൂപ നികുതി നൽകണം. അതായത്, 100 രൂപ അധിക വരുമാനമുണ്ടായതിന് 25,010 രൂപ നികുതി നൽകേണ്ട അവസ്ഥയാണ് സംജാതമാവുക. ഇത് നികുതിദായകർക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ഏഴ് ലക്ഷത്തിന് മുകളിൽ വരുന്ന തുകയേക്കാൾ നികുതി കൂടരുതെന്നാണ് ഭേദഗതി അനുശാസിക്കുന്നത്. അതായത്, 100 രൂപ അധികം വന്നാൽ നികുതിയും 100 രൂപ മാത്രമായിരിക്കും. എത്ര തുക വരെ ഈ ഇളവ് ലഭിക്കുമെന്ന് പറയുന്നില്ലെങ്കിലും, ഏകദേശം 7,27,700 രൂപ വരെയുള്ള വരുമാനത്തിന് ഇളവ് കിട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ഏഴ് ലക്ഷം രൂപ വരെയുള്ളവർക്ക് ആദായ നികുതി റിബേറ്റ് അനുവദിക്കുന്ന പുതിയ നികുതി സമ്പ്രദായം പ്രഖ്യാപിച്ചത്. ശമ്പള വരുമാനക്കാർക്ക് പ്രയോജനപ്പെടുന്ന ഈ സംവിധാനത്തിൽ മറ്റു ഇളവുകളും കിഴിവുകളുമില്ല. പുതിയ നികുതി ഘടനയിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല.

മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനവും ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 മുതൽ 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതി നൽകണം. പുതിയ ഘടന തെരഞ്ഞെടുക്കുന്നവർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ലഭിക്കും.

Tags:    
News Summary - Finance Bill 2023 was approved with amendments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.