ന്യൂഡൽഹി: ഉത്സവ സീസൺ തുടങ്ങിയതോടെ ഓൺലൈൻ ഷോപ്പിങ്ങിൽ വൻ കുതിപ്പ്. ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങി ഒരു ആഴ്ച മാത്രം പൂർത്തിയാകവേ 60,700 കോടി രൂപയുടെ വ്യാപരമാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വർധനവാണിത്. വിപണി ട്രെൻഡ് നിരീക്ഷിക്കുന്ന ഡാറ്റം ഇന്റലിജൻസാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. മൊത്തം വിൽപന ഈ വർഷം 1.2 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ട് സൂചന നൽകുന്നത്. ഇതിൽ പകുതി തുകയുടെ വിൽപനയും ഇതിനകം നടന്നു. ഓൺലൈൻ വ്യാപാര രംഗത്ത് ബ്രാൻഡുകൾക്കടക്കം വിവിധ സേവനങ്ങൾ നൽകുന്ന യൂനികൊമേഴ്സിന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
സെപ്റ്റംബർ 22നാണ് ആമസോണും ഫ്ലിപ്കാർട്ടും ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ഇത്തവണ ജി.എസ്.ടി വെട്ടിക്കുറച്ചതാണ് വിൽപന കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊബൈൽ ഫോണുകളാണ് ഏറ്റവും അധികം വിറ്റു പോയത്. മൊത്തം ഓൺലൈൻ വിൽപനയിൽ 42 ശതമാനവും മൊബൈൽ ഫോണുകളാണ്.
റെഫ്രിജറേറ്റർ അടക്കമുള്ള അപ്ലയൻസുകളുടെ വിൽപനയിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. ടി.വി, ലാപ്ടോപ് അടക്കമുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് വിൽപനയിൽ 34 ശതമാനവും വർധനവുണ്ടായി. അതേസമയം, ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ അവശ്യ വസ്തുക്കൾ അതിവേഗം വിതരണം ചെയ്യുന്ന കമ്പനികളുടെ വ്യാപാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 85 ശതമാനത്തിലേറെ വർധനയുണ്ടായതാണ് ഇത്തവണത്തെ ഏറ്റവും വലിയ മാറ്റമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.