ഗൗതം അദാനി
ന്യൂഡൽഹി: വ്യാജ വാർത്ത മൂലം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത തന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് വ്യവസായ ഭീമൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ കുറിച്ചാണ് ഗൗതം അദാനി പ്രതികരിച്ചത്. ഒരു ഷോർട്ട് സെല്ലറിന്റെ വ്യാജ തിരക്കഥ മൂലം ദിവസങ്ങൾക്കുള്ളിൽ 100 ബില്യൺ ഡോളറാണ് എനിക്ക് ഓഹരി വിപണിയിൽ നിന്ന് നഷ്ടമായതെന്ന് ഗൗതം അദാനി പറഞ്ഞു.
ചില വ്യാജ വാർത്തകൾ അതിവേഗമാവും വിപണിയെ സ്വാധീനിക്കുക. വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ച വിശ്വാസ്യതയിൽ ഇതുമൂലം ഇടിവുണ്ടാകും. ഹിൻഡൻബർഗ് വിവാദം എന്നെ ചില പാഠങ്ങൾ പഠിപ്പിച്ചു. എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും സത്യം നമ്മൾ ഉറക്കെ പറയണമെന്ന പാഠമാണ് ഹിൻഡൻബർഗ് തന്നെ പഠിപ്പിച്ചതെന്ന് അദാനി പറഞ്ഞു.
ഇന്ത്യയുടെ ഐഡിന്റിറ്റിയെ കുറിച്ച് പറയാൻ വിദേശ ശബ്ദങ്ങളെ അനുവദിക്കരുത്. ഗാന്ധി, സ്ലം ഡോഗ് മില്യണയർ പോലുള്ള ചിത്രങ്ങൾ എങ്ങനെയാണ് ഇന്ത്യയെ ചിത്രീകരിച്ചതെന്ന് നമുക്കെല്ലാം അറിയാം. വിദേശകണ്ണുകളിലൂടെ ഇന്ത്യൻ യാഥാർഥ്യങ്ങളെ കാണാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് കെട്ടുകഥയാണെന്ന് പറഞ്ഞ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) തള്ളിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നുമാണ് സെബി വ്യക്തമാക്കിയത്.
കമ്പനിയിലെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കുന്ന നിയമവിരുദ്ധ രീതിയായ ഇൻസൈഡർ ട്രേഡിങ്, ഓഹരി വിപണിയിലെ കൃത്രിമം, ഓഹരി വിപണി നിയമങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സെബി പുറത്തിറക്കിയ രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ പറയുന്നു.
2023 ജനുവരിയിലാണ് ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണം ഹിൻഡൻബർഗ് റിസർച് പുറത്തുവിട്ടത്. ആദികോർപ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മൈൽസ്റ്റോൺ ട്രേഡ്‍ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, രേവാർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ അദാനി ഗ്രൂപ് കമ്പനികളിലേക്ക് വിദേശ ഫണ്ട് എത്തിച്ചുവെന്നും ഇത് അദാനി പവർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് വകമാറ്റിയെന്നുമായിരുന്നു ആരോപണം. എന്നാൽ, പരസ്പര ബന്ധമുള്ള കക്ഷികൾ തമ്മിലെ ഇടപാട് എന്ന നിർവചനത്തിൽ ഇത് വരുന്നില്ലെന്നും അതിനാൽ തെറ്റില്ലെന്നുമാണ് സെബിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.