കസ്റ്റമർ കെയറും വിൽപനയും ഇനി എ.ഐ നോക്കും; വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും പുതിയ മാറ്റങ്ങളുമായി മെറ്റാ 'ബിസിനസ് ഏജന്റ്'

ലണ്ടൻ: ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് വലിയ സഹായവുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ 'ബിസിനസ് ഏജന്റ്' മെറ്റാ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന 'Conversations 2026' ഇവന്റിലാണ് കമ്പനി ഈ പുതിയ സാങ്കേതികവിദ്യ പ്രഖ്യാപിച്ചത്. വാട്‌സാപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ബിസിനസ് നടത്തുന്നവർക്ക് ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പൂർണമായും ഓട്ടോമേറ്റ് ചെയ്യാനും വിൽപന വർധിപ്പിക്കാനും ഈ എ.ഐ ടൂൾ സഹായിക്കും. നിലവിൽ ഒരു ദശലക്ഷത്തിലധികം ബിസിനസുകൾ വാട്‌സാപ്പിലും മെസഞ്ചറിലും എ.ഐ ഏജന്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് ഇനി ആഗോളതലത്തിൽ എല്ലാത്തരം ബിസിനസുകൾക്കുമായി വ്യാപിപ്പിക്കുകയാണെന്നും മെറ്റാ വ്യക്തമാക്കി.

ഈ എ.ഐ അസിസ്റ്റന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ഉപഭോക്താക്കളുടെ പ്രാദേശിക ഭാഷയിൽ സംസാരിക്കാനാകും എന്നതാണ്. മിനിറ്റുകൾക്കുള്ളിൽ സെറ്റ് ചെയ്യാവുന്ന ഈ സംവിധാനത്തിൽ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ശൈലിയും ടോണും ഉടമകൾക്ക് തന്നെ തിരഞ്ഞെടുക്കാം. ജീവനക്കാരുടെ വലിയ നിര ഇല്ലാതെ തന്നെ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും കൃത്യമായ മറുപടി നൽകാൻ ഇതിലൂടെ സാധിക്കും. ഉൽപന്നങ്ങൾ പരിചയപ്പെടുത്തുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, കച്ചവടം ഉറപ്പിക്കുക എന്നിവക്ക് പുറമെ കൂടുതൽ സങ്കീർണമായ കാര്യങ്ങൾ വരുമ്പോൾ സംഭാഷണം മനുഷ്യരായ ജീവനക്കാർക്ക് കൈമാറാനും ഈ എ.ഐ ഏജന്റിന് കഴിയും.

വാട്‌സാപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെ കസ്റ്റമർ ചാറ്റുകൾ ഇനി ഒരൊറ്റ എ.ഐ പ്ലാറ്റ്‌ഫോമിലൂടെ ബിസിനസുകാർക്ക് നിയന്ത്രിക്കാനാകും. തുടക്കത്തിൽ ഈ സേവനം സൗജന്യമായിരിക്കുമെങ്കിലും വരും മാസങ്ങളിൽ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ രീതി മെറ്റാ കൊണ്ടുവരും. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ഇത്തരം എ.ഐ പിന്തുണയുള്ള ബിസിനസുകൾ വാട്‌സാപ്പിൽ എളുപ്പത്തിൽ തിരഞ്ഞു കണ്ടെത്താനുള്ള പുതിയ ഫീച്ചറുകളും മെറ്റാ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് പേര് ഉപയോഗിച്ച് ബിസിനസുകൾ തിരയാനും അവയുടെ കോൺടാക്റ്റ് വിവരങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും എളുപ്പത്തിൽ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും.

ബിസിനസ് ഉടമകൾക്ക് ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കാനും, മിസ്സ് ആയ ചാറ്റുകൾ ഏതൊക്കെയെന്ന് അറിയാനും ദിവസേനയുള്ള എ.ഐ സംഗ്രഹം ഈ ടൂൾ നൽകും. ഭാവിയിൽ മാർക്കറ്റ് റിസർച്ച്, കലണ്ടർ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ഇതിൽ ഉൾപ്പെടുത്തും. വലിയ കമ്പനികൾക്കായി ഷോപ്പിഫൈ, സെൻഡെസ്ക് തുടങ്ങിയ പ്രമുഖ ടൂളുകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന 'ബിസിനസ് ഏജന്റ് പ്ലാറ്റ്‌ഫോമും' മെറ്റാ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെയും ഗൾഫിലെയും ആയിരക്കണക്കിന് മലയാളി ഓൺലൈൻ സംരംഭകർക്കും ഇൻസ്റ്റഗ്രാം/വാട്‌സാപ് വഴി കച്ചവടം നടത്തുന്നവർക്കും വലിയ മാറ്റം വരുത്തുന്നതാണ് മെറ്റായുടെ ഈ പുതിയ ചുവടുവെപ്പ്.

Tags:    
News Summary - AI will now handle customer care and sales; Meta 'Business Agency' with new changes to WhatsApp and installation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.