പ്രതീക്ഷയിൽ വെളിച്ചെണ്ണ വിപണി; കൊക്കോ വില കുതിക്കുന്നു

ആഗോള തലത്തിൽ കൊക്കോ ശേഖരിക്കാൻ വ്യവസായികൾ പരക്കം പാഞ്ഞതോടെ ഉൽപന്ന വില ഒരു വർഷത്തിൽ ഇരട്ടിയിലേറെ മുന്നേറി. ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ കൊക്കോ കൃഷിക്ക്‌ നേരിട്ട വിളനാശമാണ്‌ ചോക്‍ലറ്റ്‌ വ്യവസായികളെ പ്രതിസന്ധിയിലാക്കിയത്‌. അന്താരാഷ്‌ട്ര കൊക്കോ വില താഴ്‌ന്ന നിലവാരമായ ടണ്ണിന്‌ 2400 ഡോളറിൽനിന്നും 8000 ഡോളർ വരെ ഒറ്റക്കുതിപ്പിൽ ഉയർന്നത്‌ ഇന്ത്യൻ മാർക്കറ്റിലും വിലക്കയറ്റത്തിന്‌ അവസരമൊരുക്കി. കേരളത്തിൽ കഴിഞ്ഞ വർഷം കിലോ 200 രൂപയിൽ ഇടപാടുകൾ നടന്ന കൊക്കോ ചുരുങ്ങിയ മാസങ്ങളിൽ കാഴ്‌ചവെച്ച അഭൂത വിലക്കയറ്റം കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി.

ദക്ഷിണേന്ത്യൻ കൊക്കോ കർഷകരിൽ ഏറ്റവും മികച്ചയിനം ചരക്ക്‌ സംസ്‌കരിച്ച്‌ വിൽപനക്ക്‌ ഇറക്കുന്നത്‌ ഹൈറേഞ്ചിലെ ഉൽപാദകരാണ്‌. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 700 രൂപ വരെ ഉയർന്നു. വില കുതിച്ചുകയറിയെങ്കിലും ചരക്കുവരവ്‌ നാമമാത്രമെന്ന നിലക്ക്‌ ആകർഷകമായ വില വിപണി നിലനിർത്തുമെന്ന വിശ്വാസത്തിലാണ്‌ ഉൽപാദകർ.

റബർ

ഇന്ത്യൻ റബർ നീണ്ട ഇടവേളക്കുശേഷം കാഴ്‌ചവെച്ച അതിശക്തമായ മുന്നേറ്റത്തിനൊടുവിൽ വിപണി കിതച്ചുതുടങ്ങി. രൂക്ഷമായ റബർ ക്ഷാമം നിലനിൽക്കുന്നതിനാൽ രണ്ടുമാസമായി മാർക്കറ്റിലേക്കുള്ള ഷീറ്റ്‌ വരവിൽ ഗണ്യമായ കുറവ്‌ സംഭവിച്ചെങ്കിലും നിരക്കുയർത്താൻ ടയർ വ്യവസായികൾ ഉത്സാഹം കാണിച്ചില്ല. മാർച്ച്‌ ആദ്യവാരം പിന്നിട്ടതോടെ വിപണി നിയന്ത്രണം ടയർ ലോബിയിൽനിന്ന് പൊടുന്നനെ ഉൽപാദകരിലേക്ക്‌ തിരിഞ്ഞത്‌ വിലക്കയറ്റത്തിന്‌ അവസരമൊരുക്കി. മാസാരംഭത്തിൽ കിലോ 166 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡ്‌ മുൻവാരം 182 വരെ കയറി, പിന്നിട്ടവാരം നിരക്ക്‌ 189 വരെ ഉയർന്നതുകണ്ട് സ്‌റ്റോക്കിസ്‌റ്റുകൾ തിരക്കിട്ട്‌ ചരക്ക്‌ വിറ്റുമാറാൻ തിടുക്കം കാണിച്ചു. ഇതിനിടയിൽ രാജ്യാന്തര മാർക്കറ്റിൽ കാറ്റ്‌ മാറിവീശിയതുകണ്ട്‌ ടയർ കമ്പനികൾ ക്വട്ടേഷൻ നിരക്ക്‌ അടിക്കടി താഴ്ത്തി വാരാന്ത്യം 180 രൂപയാക്കി.

ടാപ്പിങ്‌ നിലച്ചതിനാൽ ഉൽപാദകരുടെ കൈവശം കുറഞ്ഞ അളവിൽ മാത്രമേ ചരക്കുള്ളൂ. ഇതിനിടയിൽ റബർ വില 200 കടക്കുമെന്ന ഊഹാപോഹങ്ങൾ കാർഷിക മേഖലയിൽ പരന്നത്‌ ചരക്ക്‌ വിൽപനയിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചു.

കൊപ്ര, വെളിച്ചെണ്ണ

കൊപ്ര വില ഈ വാരം ഉയരുമെന്ന പ്രതീക്ഷയിലാണ്‌ നാളികേര കർഷകർ. ഈസ്‌റ്ററിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന അവസരത്തിൽ വെളിച്ചെണ്ണക്ക്‌ വിപണിയിൽ ആവശ്യം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ മില്ലുകാരും. അയൽ സംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ കേരളത്തിലേക്ക്‌ ഇതിനകംതന്നെ എണ്ണ കയറ്റിവിടുന്നുണ്ട്‌. വെളിച്ചെണ്ണ 14,300ലും കൊപ്ര 9500 രൂപയിലും വിപണനം നടന്നു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ കണക്കിലെടുത്താൽ വിഷുവരെ എണ്ണ വിപണി ചൂട്‌ നിലനിർത്താം.

കുരുമുളക്

കുരുമുളക്‌ വില തകർച്ചക്കുശേഷം സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്‌. വിളവെടുപ്പ്‌ പൂർത്തിയായതിനാൽ ഉൽപാദകരിൽനിന്നുള്ള വിൽപന ചുരുങ്ങി. താഴ്‌ന്ന വിലക്ക്‌ വിൽപനക്കാർ കുറയുന്ന സാഹചര്യത്തിൽ നിരക്ക്‌ മെച്ചപ്പെടാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്‌. അതേസമയം ഈസ്‌റ്റർ മുന്നിൽക്കണ്ട്‌ ചെറുകിട കർഷകർ ചരക്ക്‌ ഇറക്കുമെന്ന നിഗമനത്തിൽ വില ഉയർത്താതെ മുളക്‌ സംഭരണത്തിനുള്ള ശ്രമത്തിലാണ്‌ അന്തർസംസ്ഥാന വാങ്ങലുകാർ. അന്താരാഷ്‌ട്ര വിപണിയിൽ നിന്നുള്ള പുതിയ വാർത്തകൾ ഈസ്‌റ്ററിനുശേഷം വിപണിയുടെ ഗതിവിഗതികൾ നിയന്ത്രിക്കും.    

Tags:    
News Summary - Coconut oil market; Cocoa prices are soaring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.