എ.ഐ ചിപ് വിതരണം ട്രംപ് തടഞ്ഞത് നേട്ടമായി; സ്റ്റാർട്ട്അപ് ഉടമ മൂന്നാമത്തെ ശതകോടീശ്വരൻ

ബെയ്ജിങ്: ആറ് വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സമ്പന്നരുടെ പട്ടികയുടെ അടുത്തൊന്നുമില്ലാതിരുന്ന വ്യക്തിയാണ് ചൈനയിലെ സ്റ്റാർട്ട്അപ് ഉടമയായ ചെൻ തിയാൻഷി. അദ്ദേഹത്തിന്റെ എ.ഐ ചിപ് നിർമാണ കമ്പനിയായ കാംബ്രികോൺ ടെക്നോളജീസാണ് ഇന്ന് ലോകത്തെ ടെക്കികൾക്കിടയിലെ പ്രധാന ചർച്ച. മൊബൈൽ ഫോൺ നിർമാതാക്കളായ വാവേയ് ടെക്നോളജീസായിരുന്നു കാംബ്രികോൺ ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കൾ. 95 ശതമാനം വരുമാനവും നേടിയിരുന്നത് വാവേയ് ടെക്നോളജീസുമായുള്ള ബിസിനസിൽനിന്നായിരുന്നു. എന്നാൽ, സ്വന്തമായി ചിപ്പ് നിർമിക്കാനുള്ള വാവേയ് ടെക്നോളജീസിന്റെ തീരുമാനം കാംബ്രികോണിനെ കടുത്ത പ്രതിസന്ധിയിലാക്കി. പക്ഷെ, ചൈനക്ക് എ.ഐ ചിപ്പുകൾ നൽകരുതെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ തിയാൻഷിയുടെയും കമ്പനിയുടെയും സമയം തെളിഞ്ഞു. ആഭ്യന്തര വിപണിയിൽ അതിനൂതന എ.ഐ ചിപ്പുകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് സർക്കാർ നയം തിയാൻഷിയെ അവസരങ്ങളുടെ പുതിയ ആകാശത്തേക്ക് ഉയർത്തി. സർക്കാർ പിന്തുണക്കൊപ്പം പുതിയ വിപണികൂടി തുറന്നുകിട്ടിയതോടെ ലോകത്തെ ഏറ്റവും ധനികരിൽ ഒരാളായി തിയാൻഷി വളർന്നു.

ചൈനയിലെ ഓഹരി നിക്ഷേപകർക്ക് രണ്ട് വർഷത്തിനിടെ 765 ശതമാനം ലാഭമാണ് കാംബ്രികോൺ ടെക്നോളജീസ് നൽകിയത്. എൻവിഡിയയുടെ എച്ച്20 പ്രൊസസറുകൾ വാങ്ങരുതെന്ന് ആഭ്യന്ത കമ്പനികൾക്ക് ചൈനീസ് സർക്കാർ നിർദേശം നൽകിയതോടെയാണ് ഓഹരി വില പറന്നത്. കമ്പനിയുടെ 28 ശതമാനം ഓഹരിയാണ് തിയാൻഷിക്കുള്ളത്. നിക്ഷേപകരെ അത്ഭുതപ്പെടുത്തി ഓഹരി വില സർവകാല ​റെക്കോഡിലേക്ക് പറന്നതോടെ തിയാൻഷിയുടെ സമ്പത്ത് 22.5 ബില്ല്യൻ ഡോളർ അതായത് രണ്ട് ലക്ഷം കോടിയോളം രൂപയായി വർധിച്ചു. എൻവിഡിയ സ്ഥാപകൻ ജെൻസൺ ഹുവാങ്ങിന്റെ അത്രയും ആസ്തി തിയാൻഷിക്കില്ല. എന്നാൽ, വാൾമാർട്ട് ഉടമ ലൂക്കാസ് വാൾട്ടണും റെഡ് ബുൾ ഉടമ മാർക്ക് മാറ്റ്ഷിറ്റ്സിനും തൊട്ടുപിന്നിൽ 40 വയസ്സിന് താഴെയുള്ള ലോകത്തിലെ മൂന്നാമത്തെ ധനികനാണ് അദ്ദേഹം.

എ.ഐ വ്യവസായ മേഖലയിൽ വൻകിട ഐ.ടി കമ്പനികൾക്ക് പകരം പുതിയ തലമുറ സ്റ്റാർട്ട് അപ്പുകൾക്ക് ചൈനീസ് സർക്കാർ കൂടുതൽ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതോടെയാണ് കാംബ്രികോൺ വളർന്നത്. നിക്ഷേപകരുടെ ഉത്സാഹവും ഉയർന്നത് കാംബ്രികോൺ അടക്കമുള്ള കമ്പനികൾക്ക് ഊർജമാകുകയായിരുന്നു. ലിയാങ് വെങ്ഫെങ്ങിന്റെ ഡീപ്സീക് ചൈനീസ് സർക്കാർ പിന്തുണയിൽ പെട്ടെന്ന് വളർന്ന എ.ഐ സ്റ്റാർട്ട് ആയിരുന്നു.

വാവേയ് ടെക്നോളജീസിൽനിന്നും മറ്റ് സ്റ്റാർട്ടപ്പുകളിൽനിന്നും കടുത്ത മത്സരം നേരിട്ടിട്ടും ഒരു വർഷത്തിനിടെ കാംബ്രിക്കോണിന്റെ വരുമാനം 500 ശതമാനത്തിലധികം ഉയർന്നു. ടെക്നോളജി മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്ക് വേണ്ടിയുള്ള ഷാങ്ഹായ് സയൻസ് ടെക് ഇന്നോവേഷൻ ബോർഡിൽ 2020ലാണ് കാംബ്രികോൺ ഓഹരി വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി കമ്പനി ലാഭം നേടുന്നത് വരെ ഓഹരി നഷ്ടത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. യു.എസിന്റെ സാ​ങ്കേതിക വിദ്യ സ്വന്തമാക്കി ചൈനയുടെ സൈന്യത്തിന് നൽകുന്നെന്ന് ചൂണ്ടിക്കാട്ടി ജോ ബൈഡൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത് കാംബ്രികോണിന് വൻ തിരിച്ചടിയായിരുന്നു. പക്ഷെ, ​എ.ഐ ചിപ്പുകൾ നൽകരുതെന്ന് എൻവിഡിയക്കും എ.എം.ഡിക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതോടെ കാംബ്രികോൺ അടക്കമുള്ള ആഭ്യന്തര വിപണിയിലെ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ ചൈന രംഗത്തെത്തുകയായിരുന്നു.

Tags:    
News Summary - Chinese AI start-up founder now world's 3rd richest under 40—how US chip curbs helped Chen Tianshi build a fortune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.