വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത താരിഫ് നടപടിക്ക് ചുട്ട മറുപടി നൽകി ചൈന. കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി ചൈന കുറച്ചത് യു.എസിലെ കർഷകർക്ക് കടുത്ത ആഘാതമായി. മികച്ച വിളവ് ലഭിച്ചിട്ടും വാങ്ങാൻ ആളില്ലാതെ സൊയാബീൻ കർഷകരാണ് പ്രതിസന്ധിയിലായത്.
യു.എസ് സൊയാബീൻസിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. എന്നാൽ, താരിഫ് വർധന പ്രഖ്യാപിച്ച ശേഷം ചൈന യു.എസ് സൊയാബീൻസ് കാര്യമായി വാങ്ങിയിട്ടില്ല. ചൈനയുടെ മിക്ക ഉത്പന്നങ്ങൾക്കും 50 ശതമാനത്തിന് മുകളിലാണ് യു.എസിൽ ഇറക്കുമതി താരിഫ്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഒരു ബില്ല്യൻ ബുഷൽസ് അതായത് 2.72 കോടി മെട്രിക് ടൺ സോയാബീൻസാണ് യു.എസിൽനിന്ന് ഇറക്കുമതി ചെയ്തത്. എന്നാൽ, ഈ വർഷം ഇതേ കാലയളവിൽ സൊയാബീൻസ് ഇറക്കുമതി ചൈന ഗണ്യമായി കുറച്ചു. 544 കോടി കിലോഗ്രാം മാത്രമാണ് വാങ്ങിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
24.5 ബില്ല്യൻ ഡോളർ അതായത് 21.77 ലക്ഷം കോടി രൂപയുടെ സൊയാബീൻസ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യു.എസ്. ഇതിൽ പകുതിയിലേറെയും ചൈനയാണ് വാങ്ങുന്നത്. യു.എസിന് പകരം നിലവിൽ ബ്രസീൽ, അർജന്റീന തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ കർഷകരിൽനിന്നാണ് സൊയാബീൻസ് വാങ്ങുന്നത്.
ചൈനയുമായി ഉടൻ വ്യാപാര കരാറുണ്ടാക്കിയില്ലെങ്കിൽ മിക്കവരും കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് മധ്യ ഇല്ലിനോയിസിലെ സൊയാബീൻസ് കർഷകനായ റോൺ കിൻഡ്രഡ് പറഞ്ഞു. ചൈനക്ക് ഇക്കാര്യത്തിൽ യാതൊരു താൽപര്യവുമില്ലെന്നും യു.എസിലെ കർഷകരാണ് അടിയന്തര ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1700 ഏക്കറിൽ ചോളവും സൊയാബീനും കൃഷി ചെയ്യുന്ന റോണിന് വിളവിന്റെ 40 ശതമാനം വാങ്ങാൻ ചില രാജ്യങ്ങളിൽനിന്ന് കരാർ ലഭിച്ചിട്ടുണ്ട്. എന്നാൽ, ബാക്കി 60 ശതമാനം ആര് വാങ്ങുമെന്നത് ചോദ്യ ചിഹ്നമാണ്. കാർഷിക ഉപകരണങ്ങളുടെയും വളം, കീടനാശിനി തുടങ്ങിയവയുടെയും വില കുത്തനെ ഉയർന്നത് കർഷകരുടെ നട്ടെല്ല് ഒടിച്ച സമത്താണ് ഇരുട്ടടിയായി താരിഫ് വർധനയും വ്യാപാര അനിശ്ചിതാവസ്ഥയും വരുന്നത്.
താരിഫ് വർധന കാരണം വ്യാപാരം നിലച്ച കർഷകരുടെ കടം എഴുതി തള്ളാൻ 10 ബില്ല്യൻ ഡോളർ അതായത് 88,860 കോടി രൂപയുടെ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ തുക 14 ബില്ല്യൻ ഡോളറാക്കി ഉയർത്താനും ട്രംപ് ഭരണകൂടത്തിന് ആലോചനയുണ്ട്. ഉയർന്ന താരിഫിൽനിന്ന് ലഭിക്കുന്ന വരുമാനം കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് നീക്കിവെക്കാനാണ് പദ്ധതിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.