ജെയിന്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ്


ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബജറ്റ് -ടോം ജോസഫ്

കൊച്ചി: കേരള ബജറ്റിൽ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, ഭാവി തൊഴില്‍ നൈപുണ്യ വികസനം എന്നിവക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജെയിന്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.

കേരള നോളജ് വാലി സ്ഥാപിക്കാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ ആഗോള നിലവാരത്തിലുള്ള വിജ്ഞാന-ഗവേഷണ കേന്ദ്രമായി മാറ്റാനുള്ള ദീര്‍ഘവീക്ഷണമുള്ള നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും ആകര്‍ഷിക്കുന്നതിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും ഗവേഷണ അവസരങ്ങളും സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കും. ഭാവിയിലെ തൊഴില്‍ പ്രവണതകള്‍ വിലയിരുത്തി വിദ്യാഭ്യാസ സംവിധാനത്തെയും തൊഴില്‍ വിപണിയെയും കൂടുതല്‍ അടുത്ത് ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതി പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്, ആരോഗ്യപരിപാലനം, ലോജിസ്റ്റിക്‌സ്, ഗ്രീന്‍ ഇക്കോണമി തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കാന്‍ ഈ സംരംഭത്തിന് കഴിയും. ഐ.ഐ.ടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കിന്റെ മാതൃകയില്‍ ഗവേഷണ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസ, വ്യവസായ, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ഗവേഷണ ഫലങ്ങളെ സംരംഭങ്ങളായും തൊഴില്‍ അവസരങ്ങളായും മാറ്റുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ടോം ജോസഫ് അഭിപ്രായപ്പെട്ടു.

ബഹിരാകാശ സമ്പദ് വ്യവസ്ഥ, സാറ്റലൈറ്റ് സാങ്കേതികവിദ്യ, ഭാവി നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ശ്രദ്ധ കേരളത്തിലെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കും. വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സംബന്ധിച്ച പ്രഖ്യാപനം എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം വിലയിരുത്തി.

'കേരള നോളജ് വാലി, ഭാവിയിലെ സാങ്കേതിക മാറ്റങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തുന്നതിനായുള്ള ഫ്യൂച്ചര്‍ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരണം, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, റിസര്‍ച്ച് പാര്‍ക്കുകള്‍, കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വിദ്യാഭ്യാസത്തെ കേവലം അക്കാദമിക മേഖലയായി കാണാതെ സാമ്പത്തിക വളര്‍ച്ച, നൂതനാശയങ്ങളുടെ രൂപീകരണം, തൊഴില്‍സൃഷ്ടി, സുസ്ഥിര വികസനം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കേരളം രാജ്യത്തെ മുന്‍നിര വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല' -അദ്ദേഹം പറഞ്ഞു.

ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ അക്കാദമിക് സഹകരണം, ഗവേഷണ പങ്കാളിത്തം, വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം, വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ജെയിന്‍ യൂനിവേഴ്‌സിറ്റി സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Budget gives new direction to higher education sector - Tom Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.