വാഷിങ്ടൺ: വിദേശ ഐ.ടി ജീവനക്കാരെ കുറക്കാൻ എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെ അധ്യാപകരെയും യു.എസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കോളജ്, യൂനിവേഴ്സിറ്റി പ്രഫസർമാരെയുടെയും ഗവേഷകരെയുടെയും എണ്ണം കുറക്കാനാണ് പദ്ധതിയിടുന്നത്. വാർഷിക എച്ച് വൺ ബി വിസ പരിധിയിൽ കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് ദീർഘകാലമായി നൽകിവരുന്ന ഇളവ് എടുത്തുകളയാനാണ് നീക്കം. ഈ പദ്ധതി ലക്ഷ്യമിട്ട് അർകൻസാസിൽനിന്നുള്ള റിപബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ സെപ്റ്റംബർ 30ന് വിസ കാപ് എൻഫോഴ്സ്മെന്റ് ബിൽ അവതരിപ്പിച്ചിരുന്നു. അമേരിക്കൻ വിരുദ്ധരായ വിദേശ അധ്യാപകർക്ക് രാജ്യത്ത് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും കോളജ് പ്രഫസർമാർ ദുരുപയോഗം ചെയ്തിരുന്ന പഴുതുകൾ ബിൽ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഐ.ടി ജീവനക്കാർക്കുള്ള എച്ച് വൺ ബി വിസ പുതുക്കാനുള്ള ഫീസ് ആയിരം ഡോളറിൽനിന്ന് ഒരു ലക്ഷം ഡോളറയി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ബില്ലിനെ യു.എസിലെ അക്കാദമി രംഗത്തുള്ളവർ എതിർക്കുമെന്നാണ് സൂചന. 65,000 എച്ച് വൺ ബി വിസയാണ് ഓരോ വർഷവും കമ്പനികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്. 20,000 വിസ യു.എസിൽ ബിരുദാനന്തര ബിരുദമോ ഗവേഷണമോ പൂർത്തിയാക്കിയവർക്കാണ് നൽകിയത്.
ഐ.ടി കമ്പനികൾക്ക് 65,000 വിസ എന്ന പരിധിയുണ്ടെങ്കിലും പോസ്റ്റ്ഡോക്ടറൽ, ഗവേഷണം, ഫാക്കൽറ്റി തസ്തികകളിലേക്ക് എച്ച് വൺ ബി ജീവനക്കാരെ നിയമിക്കുന്നതിൽ സർവകലാശാലകൾക്ക് ഇളവുണ്ട്. നിലവിലെ നിയമപ്രകാരം സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വാർഷിക എച്ച് വൺ ബി വിസ പരിധിയില്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയും. വർഷത്തിൽ ഏത് സമയത്തും എച്ച് വൺ ബി വിസ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ ജീവനക്കാരന് വാർഷിക വിസ ഫീസ് പൂർണമായും ഒഴിവാക്കി ജോലി ആരംഭിക്കാൻ സാധിക്കുമെന്നും ഇമിഗ്രേഷൻ അഭിഭാഷകയും ലോ-ക്വസ്റ്റിലെ മാനേജിങ് പാർട്ണറുമായ പൂർവ്വി ചോത്താനി പറഞ്ഞു.
എന്നാൽ, വർഷം തോറും നൽകുന്ന എച്ച് വൺ ബി വിസകളിൽ വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കാറുള്ളൂ. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി, മിഷിഗൺ യൂനിവേഴ്സിറ്റി, സെന്റ് ലൂയിസിലെ വാഷിങ്ടൺ യൂനിവേഴ്സിറ്റി തുടങ്ങിയ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ വർഷം ജൂൺ 30 വരെ ലഭിച്ചത് 1,471 വിസയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.