മുംബൈ: രാജ്യത്ത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ്. ഇതിനായി യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, സിങ്കപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തണമെന്നും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. വൻ തുക മുടക്കി നിർമിച്ച വിമാനത്താവള സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും ആവശ്യത്തിന് സർവിസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താവിനുമേൽ കനത്ത ടിക്കറ്റ് ചാർജ് ഈടാക്കുന്നതും ഗുരുതര തെറ്റാണ്. രാജ്യത്തെ വിമാനത്താവളങ്ങളെ ആഗോള ഹബുകളാക്കി മാറ്റണമെങ്കിൽ കൂടുതൽ സർവിസ് അനുവദിക്കണം. യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും വേണം. ഇന്ത്യൻ വിമാനക്കമ്പനികൾ എപ്പോൾ മത്സരത്തിന് തയാറാകുമെന്നതിനെ മാത്രം ആശ്രയിച്ചാകരുത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകാനുള്ള തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റെടുത്ത എട്ട് വിമാനത്താവളങ്ങളുടെ വികസനത്തിന് കോടിക്കണക്കിന് രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെയാണ് സർവിസ് വർധിപ്പിക്കണമെന്ന ആവശ്യവുമായി അദാനി രംഗത്തെത്തിയത്. എന്നാൽ ആദാനിയുടെ നീക്കം വ്യോമയാന രംഗത്ത് പുതിയ ഏറ്റുമുട്ടലിന് വഴി വെക്കുമെന്നാണ് സൂചന. കാരണം, രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളായ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും നിലപാടിന് വിരുദ്ധമാണ് നിലപാട്.
വിദേശ കമ്പനികൾക്ക് കൂടുതൽ സർവിസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നാണ് ടാറ്റയുടെയും ഇൻഡിഗോയുടെയും അഭിപ്രായം. ഖത്തർ എയർവേയ്സ് അടക്കമുള്ള പശ്ചിമേഷ്യയിലെ സമ്പന്നരായ വിമാനക്കമ്പനികൾക്ക് കൂടുതൽ സർവിസിന് അനുമതി നൽകുന്നത് ‘അന്യായ മത്സര’ ത്തിലേക്ക് നയിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, അദാനിയുടെ പുതിയ അഭിപ്രായത്തോട് എയർ ഇന്ത്യയും ഇൻഡിഗോയും പ്രതികരിച്ചിട്ടില്ല. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ, വിദേശ വിമാന സർവിസുകൾക്ക് അനുമതി നൽകുന്നതിൽ പത്ത് വർഷത്തിനിടെ കർശനമായ നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ വിമാന കമ്പനികളെ സംരക്ഷിക്കാനും രാജ്യത്തെ വിമാനത്താവളങ്ങളെ ദുബൈ പോലെ ട്രാൻസിറ്റ് ഹബുകളാക്കാനുമാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് സർക്കാറിന്റെ ന്യായീകരണം.
വിമാനത്താവളങ്ങളിലെ ടെർമിനലുകൾ, റൺവേകൾ, വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിനായി 11.1 ബില്യൺ ഡോളർ ചെലവഴിക്കാൻ അദാനി ഗ്രൂപ്പ് ആലോചിക്കുന്നതായി അദാനി എയർപോർട്ട് ഹോൾഡിങ്സ് ഡയറക്ടർ ജീത് അദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ഉദ്ഘാടനം ചെയ്ത അദാനി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസുകൾ വർധിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ആഗോള വ്യോമയാന ഹബാക്കി മാറ്റുമെന്നാണ് കമ്പനിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.