യു.പി.ഐ എം.ഡി.ആർ നടപ്പിലാക്കുന്നത് ജനുവരി1ലേക്ക് നീട്ടിയേക്കും; പേയ്‌മെൻ്റ് കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്
യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്തുന്നത് ഒക്ടോബർ 15ൽ നിന്ന് ജനുവരി 1ലേക്ക് നീട്ടിവെക്കാൻ നിർദ്ദേശം. ഉത്സവകാലത്തിന് മുന്നോടിയായി വ്യാപാരികൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ നിർദ്ദേശത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
വാർത്ത പുറത്തുവന്നതോടെ പേ.ടി.എം, മോബിക്വിക്, പൈൻ ലാബ്സ് എന്നിവയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി. പേ.ടി.എമ്മിന്‍റെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപക്ക് താഴെയെത്തി. വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കകം പേ.ടി.എം ഓഹരികൾ ലോവർ സർക്യൂട്ടായ 1,558.80 രൂപയിലെത്തുകയും വിപണി മൂല്യത്തിൽ ഏകദേശം 10,972 കോടി രൂപയുടെ നഷ്ടം നേരിടുകയും ചെയ്തു.
മോബിക്വിക് ഓഹരികൾ 8 ശതമാനത്തിലധികം ഇടിഞ്ഞ് 234.52 രൂപയിലെത്തിയപ്പോൾ, പൈൻ ലാബ്സ് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞ് 170.21 രൂപയിലെത്തി. ഉത്സവ സീസണിൽ എം.ഡി.ആർ ഏർപ്പെടുത്തുന്നത് ബിസിനസുകളുടെ ഇടപാട് ചെലവ് വർധിപ്പിക്കുമെന്ന വ്യാപാരികളുടെയും വ്യവസായ സംഘടനകളുടെയും ആശങ്കയെത്തുടർന്നാണ് തീയതി നീട്ടിവെക്കാൻ നിർദ്ദേശമുയർന്നത്.
2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഈ മാസമാദ്യം മൊത്ത-ചില്ലറ വ്യാപാരികൾ 'നോ യുപിഐ ഡേ ആചരിച്ച് പ്രതിഷേധിച്ചിരുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത പേഴ്‌സൺ-ടു-മർച്ചന്റ് യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് 0.4% എം.ഡി.ആർ ഈടാക്കാനായിരുന്നു എൻ.പി.സി.ഐയുടെ തീരുമാനം.
എം.ഡി.ആർ നടപ്പിലാക്കുന്നത് നീട്ടിവെച്ചാലും 2,000 രൂപ വരെയുള്ള ഇടപാടുകൾക്കുള്ള ഇളവ് നിലവിലെ പോലെ തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പ്രതിവർഷം 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസുകളെ എം.ഡി.ആർ ഫീസിൽ നിന്ന് ഒഴിവാക്കാനും കമ്മിറ്റി ആലോചിക്കുന്നുണ്ട്. നേരത്തെ പ്രതിമാസം 1 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കായിരുന്നു ഈ ഇളവ് നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.