പേ.ടി.എം പേയ്മെന്‍റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ആർ.ബി.ഐ: ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
പേ.ടി.എം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ് ലൈസൻസ് റദ്ദാക്കുകയും ബാങ്ക് അടച്ചുപൂട്ടാൻ (ലിക്വിഡേഷൻ) ഡൽഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിന് മാസങ്ങൾക്ക് ശേഷമാണ് നടപടി.
ഏപ്രിലിൽ ലൈസൻസ് റദ്ദാക്കിയപ്പോൾ, ബാങ്ക് അടച്ചുപൂട്ടുന്ന പ്രക്രിയക്കിടെ നിക്ഷേപകരുടെ മുഴുവൻ തുകയും തിരികെ നൽകാൻ ആവശ്യമായ പണം (ലിക്വിഡിറ്റി) ബാങ്കിന്റെ പക്കലുണ്ടെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. പേ.ടി.എംനെതിരെയുള്ള ഈ നടപടി തങ്ങളുടെ സേവനങ്ങളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ യു.പി.ഐ സേവനങ്ങൾ വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും 2024 മാർച്ച് മാസത്തോടെ പേയ്മെന്‍റ്സ് ബാങ്കുമായുള്ള പ്രധാന ബിസിനസ് ബന്ധങ്ങൾ അവസാനിപ്പിച്ചതാണെന്നും കമ്പനി അറിയിച്ചു.
ബാങ്കിങ് ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് തന്നെ പേ.ടി.എം തുടർച്ചയായ നിയന്ത്രണങ്ങൾ നേരിട്ടിരുന്നു. മേൽനോട്ടപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി 2022 മാർച്ച് 11ന് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് ബാങ്കിനെ ആർ.ബി.ഐ വിലക്കിയിരുന്നു. കൂടാതെ, സമഗ്ര ഓഡിറ്റിങ്ങിനായി ഒരു ഐ.ടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ബാങ്കിനോട് നിർദ്ദേശിച്ചു. തുടർന്ന്, 2024 ജനുവരി 31നും ഫെബ്രുവരി16നും കൂടുതൽ ബിസിനസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ എന്നിവയിലെ പുതിയ നിക്ഷേപങ്ങൾ, ക്രെഡിറ്റുകൾ, ടോപ്പ്-അപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.
നിയമപരമായ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ആർ.ബി.ഐ ബാങ്കിന്‍റെ ലൈസൻസ് റദ്ദാക്കി. തുടർന്ന് ഡൽഹി ഹൈക്കോടതി ബാങ്ക് അടച്ചുപൂട്ടാൻ ഉത്തരവിടുകയും കേസ് ഔദ്യോഗിക ലിക്വിഡേഷൻ പ്രക്രിയയിലേക്ക് നീങ്ങുകയും ചെയ്തു.
ഉപഭോക്താക്കളുടെ പണത്തിനും മറ്റ് പേ.ടി.എം സേവനങ്ങൾക്കും എന്ത് സംഭവിക്കും?
ബാങ്ക് അടച്ചുപൂട്ടുമ്പോൾ നിക്ഷേപകരുടെ മുഴുവൻ തുകയും തിരികെ നൽകാൻ ആവശ്യമായ പണലഭ്യത പേ.ടി.എം പേയ്മെന്‍റ്സ് ബാങ്കിനുണ്ടെന്ന് ഏപ്രിലിൽ ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. ബാങ്കിലുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഈ ഉറപ്പ് ബാധകമാകുന്നത്. അതേസമയം, പേടിഎമ്മിന്റെ ആപ്പ് വഴിയുള്ള സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു പ്രവർത്തിക്കും.
ആർ.ബി.ഐ നടപടിയെത്തുടർന്ന് ഏപ്രിലിൽ നൽകിയ റഗുലേറ്ററി ഫയലിങ്ങിൽ, പേ.ടി.എം ആപ്പ്, യു.പി.ഐ, ക്യു.ആർ പേയ്മെന്റുകൾ, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ, പേയ്മെന്റ് ഗേറ്റ്‌വേ എന്നിവ തടസ്സമില്ലാതെ തുടരുമെന്ന് വൺ97 കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കിയിരുന്നു.പി.പി.ബി.എല്ലുമായി തങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്നും 2024 മാർച്ച് 31ഓടെ ബാങ്കിലെ തങ്ങളുടെ നിക്ഷേപം പൂർണമായും ഒഴിവാക്കിയെന്നും കമ്പനി അറിയിച്ചു.
പേ.ടി.എം ഗോൾഡ്, പേ.ടി.എം മണി എന്നീ സേവനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അതിനാൽ, പേയ്മെന്‍റ്സ് ബാങ്ക് അടച്ചുപൂട്ടൽ നടപടികളിലൂടെ കടന്നുപോകുമ്പോഴും ഉപഭോക്താക്കൾക്ക് യു.പി.ഐ ഇടപാടുകൾ, റീചാർജുകൾ, ബിൽ പേയ്മെന്റുകൾ എന്നിവയ്ക്കായി പേ.ടി.എം ആപ്പ് തുടർന്നും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.