എം.ഡി.ആർ യു.പി.ഐ ഇടപാടുകളെ കാര്യമായി ബാധിക്കില്ല: ആർ.ബി.ഐ ഗവർണർ
മുംബൈ: എം.ഡി.ആർ രൂപത്തിൽ ചെറിയ തുക ഫീസായി ഈടാക്കുന്നത് യു പി ഐ ഇടപാടുകളെ കാര്യമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര. മുംബൈയിലെ സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് ഈടാക്കുന്ന എം.ഡി.ആർ സംവിധാനത്തിന് സർക്കാർ അനുമതി നൽകിയത്.
യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് അടുത്ത ദിവസമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ഹ്രസ്വകാലയളവിൽ വിപണികൾ യുക്തിരഹിതമായി പെരുമാറാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അവ ശരിയായ മൂല്യം പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രൂപയുടെ സ്ഥിരത ഉറപ്പാക്കുമെന്നും ശരിയായ മൂല്യം ലഭിക്കുമെന്നും കറൻസിക്ക് അമിതമായ ചാഞ്ചാട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ രൂപയുടെ ക്രമാനുഗതമായ മുന്നേറ്റത്തെ തങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഗവർണർ അറിയിച്ചു.
യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്തുന്നത് ഒക്ടോബർ 15ൽ നിന്ന് ജനുവരി 1ലേക്ക് നീട്ടിവെക്കാൻ നിർദ്ദേശം ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ തീരുമാനമുണ്ടാകും. വാർത്ത പുറത്തുവന്നതോടെ പേ.ടി.എം, മോബിക്വിക്, പൈൻ ലാബ്സ് എന്നിവയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി. പേ.ടി.എമ്മിന്‍റെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപക്ക് താഴെയെത്തി.
എം.ഡി.ആർ നടപ്പിലാക്കുന്നത് നീട്ടിവെച്ചാലും 2,000 രൂപ വരെയുള്ള ഇടപാടുകൾക്കുള്ള ഇളവ് നിലവിലെ പോലെ തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പ്രതിവർഷം 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസുകളെ എം.ഡി.ആർ ഫീസിൽ നിന്ന് ഒഴിവാക്കാനും കമ്മിറ്റി ആലോചിക്കുന്നുണ്ട്. നേരത്തെ പ്രതിമാസം 1 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കായിരുന്നു ഈ ഇളവ് നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.