എന്തിനാണ് ഇന്ത്യ പ്ലാസ്റ്റിക് കറൻസി കൊണ്ടുവരുന്നത്? നേട്ടമെന്ത്?
ന്യൂഡൽഹി: പത്ത്, ഇരുപത് രൂപയുടെ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്കിന്‍റെ (ആർ.ബി.ഐ) നിർദേശത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. നിലവിലുള്ള പേപ്പർ നോട്ടുകൾ അപ്പാടെ ഒഴിവാക്കി പ്ലാസ്റ്റിക് കറൻസി കൊണ്ടുവരാനല്ല ഉദ്ദേശിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
ആർ.ബി.ഐയുടെ കേന്ദ്ര ബോർഡിന്‍റെ ശുപാർശ പ്രകാരമാണ് പത്ത്, ഇരുപത് രൂപയുടെ ഒരു ബില്യൺ വീതം പോളിമർ നോട്ടുകൾ ഫീൽഡ് ട്രയലുകൾക്കായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ നോട്ടുകൾ പതിവായി വിതരണം ചെയ്യും. പരമ്പരാഗത പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ് വളരെ കൂടുതലാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നാണ് ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞത്.
ഡിജിറ്റൽ പേമെന്‍റുകളെ ഇത് ബാധിക്കുമോ?
പോളിമർ നോട്ടുകൾ ഡിജിറ്റൽ പേമെന്‍റുകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഈ പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും നോട്ടുകൾ സ്ഥിരമായി വിതരണം ചെയ്തതിന് ശേഷം മാത്രമേ അതിൻ്റെ ആഘാതം വിലയിരുത്താൻ കഴിയൂ എന്നുമാണ് മന്ത്രി മറുപടിനൽകിയത്. ഭൗതിക കറൻസികളും ഡിജിറ്റൽ പേമെന്‍റ് സംവിധാനങ്ങളും പരസ്പരം പൂരകങ്ങളാണെന്നും ഇവ രണ്ടും പൊതുജനങ്ങൾക്കായി ലഭ്യമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിമർ നോട്ടുകൾ വീണ്ടും ചർച്ചയാകാൻ കാരണം
ബാങ്ക് നോട്ടുകൾ അച്ചടിക്കുന്നതിന് അനുയോജ്യമായ പോളിമർ സബ്‌സ്‌ട്രേറ്റിന്‍റെ നിർമാമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും BRBNMPL കഴിഞ്ഞ ജൂലൈയിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഫീൽഡ് ട്രയലുകൾ വിജയകരമായാൽ ഭാവിയിൽ കൂടുതൽ അളവിലുള്ള പോളിമർ നോട്ടുകൾ വിവിധ മൂല്യങ്ങളിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. കറൻസി നോട്ടുകളുടെ ആയുസ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012ലും ഇത്തരത്തിലുള്ള ഒരു നിർദ്ദേശം പരിഗണിച്ചിരുന്നു. എന്നാൽ അന്ന് അത് നടപ്പിലായിരുന്നില്ല. ഇന്ന് ലോകത്തെ അറുപതോളം രാജ്യങ്ങൾ ഏതെങ്കിലും രൂപത്തിൽ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗത നോട്ട് പേപ്പറിന് പകരം നാരുകളില്ലാത്ത) പോളിമർ സബ്‌സ്‌ട്രേറ്റിലാണ് ആർ.ബി.ഐ പോളിമർ നോട്ടുകൾ അച്ചടിക്കുന്നത്. നിലവിലെ ഇന്ത്യൻ കറൻസി പരുത്തി നാരുകൾ ഉപയോഗിച്ച് നിർമിച്ച പ്രത്യേക പേപ്പറിലാണ് അച്ചടിക്കുന്നത്.
പോളിമർ നോട്ടുകൾ കൊണ്ടുവരുന്നതിന്‍റെ ഏറ്റവും വലിയ കാരണം അവയുടെ ആയുസാണ്. പ്രത്യേകിച്ചും കൈകൾ മാറിമറിഞ്ഞ് വേഗത്തിൽ കേടായിപ്പോകുന്ന ചെറിയ മൂല്യമുള്ള നോട്ടുകളുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനപ്പെടും. ആയുസ് വർധിക്കുന്നത് വഴി നോട്ടുകൾ മാറ്റിമാറ്റി അച്ചടിക്കേണ്ടി വരുന്ന സാഹചര്യം കുറയുകയും, അച്ചടി ചെലവും മലിനീകരണവും കുറക്കാനും സാധിക്കും. കൂടാതെ വ്യാജ നോട്ടുകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
ഏതൊക്കെ രാജ്യങ്ങളാണ് പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നത്?
ആസ്ട്രേലിയ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. 1988ൽ പോളിമർ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യമാണ് ആസ്ട്രേലിയ. ഇന്ന് ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നുണ്ട്. ഏഷ്യയിൽ തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നു.
പോളിമർ നോട്ടുകൾ ചെലവ് കുറക്കുന്നത് എങ്ങനെ?
പോളിമർ നോട്ടുകളുടെ ഏറ്റവും വലിയ മേന്മ അവയുടെ ഈടുനിൽപ്പാണ്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ രണ്ട് മുതൽ ആറ് മടങ്ങ് വരെ കൂടുതൽ കാലം നിലനിൽക്കും. നോട്ടുകൾ കുറച്ച് മാത്രം അച്ചടിച്ചാൽ മതി എന്നത് വഴി മൊത്തത്തിലുള്ള കറൻസി മാനേജ്മെന്‍റ് ചെലവ് കുറയ്ക്കുന്നു. ഐ.എം.എഫിന്‍റെ പഠനപ്രകാരം, പേപ്പർ നോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളിമർ നോട്ടുകൾ ആഗോളതാപന സാധ്യത 32% വും പ്രാഥമിക ഊർജ ആവശ്യകത 30% വും കുറയ്ക്കുന്നു. കാലാവധി അവസാനിക്കുന്ന പോളിമർ നോട്ടുകൾ പൊടിച്ച് റീസൈക്കിൾ ചെയ്ത് വീട്ടുപകരണങ്ങളായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.