സെപ്റ്റംബർ 27 ബാങ്കുകൾക്ക് പ്രവൃത്തിദിനം
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാർഥം എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയനൽ റൂറൽ ബാങ്കുകളും സെപ്റ്റംബർ 17 ഞായറാഴ്ച പ്രവർത്തിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികൾക്ക് തൊട്ടുപിന്നാലെ ഈ മാസം 28 മുതൽ 30 വരെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും ഓഫിസുകളും എ.ടി.എം ലിങ്ക്ഡ് ശാഖകളും കറൻസി ചെസ്റ്റുകളും പൂർണ്ണമായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. നിർദ്ദിഷ്ട പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാറും ബാങ്ക് മാനേജ്‌മെന്‍റുകളും യൂണിയനുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അവശ്യ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബാങ്കിങ് പ്രവൃത്തിദിനം അഞ്ച് ആക്കുക , സർക്കാർ പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പിൻവലിക്കുക, ഉഭയകക്ഷി ചർച്ചകളിലൂടെ ഇൻസെന്റീവ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുക, ബാക്കി നിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ പണിമുടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.