എ.ടി.എം ഇടപാടുകൾക്ക് അധിക ചാർജില്ല; സെപ്റ്റംബർ 28 മുതൽ 30 വരെ ഉപഭോക്താക്കൾക്ക് ആശ്വാസം
സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി എ.ടി.എം ഇടപാടുകൾക്കുള്ള അധിക ചാർജുകൾ പൂർണ്ണമായും ഒഴിവാക്കി പ്രമുഖ ബാങ്കുകൾ. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ വേണമെന്ന ദീർഘകാല ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ് ജീവനക്കാരുടെ സംയുക്ത സമിതിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പണലഭ്യത ഉറപ്പുവരുത്തുന്നതിനും എ.ടി.എം ഉപയോഗിക്കുമ്പോഴുള്ള അമിത സാമ്പത്തിക ഭാരം ഇല്ലാതാക്കാനുമാണ് ഇടപാടുകൾക്കുള്ള അധിക ചാർജുകൾ പൂർണ്ണമായും ഒഴിവാക്കിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിലെ എ.ടി.എം ഇടപാടുകൾക്ക് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസം അനുവദിച്ചിട്ടുള്ള നിശ്ചിത സൗജന്യ എ.ടി.എം ഇടപാട് പരിധിക്ക് ശേഷവും ഈ ദിവസങ്ങളിൽ തുക പിൻവലിച്ചാൽ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കുകയില്ല. ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ എ.ടി.എമ്മുകൾ യാതൊരു പരിധിയുമില്ലാതെ ഈ ദിവസങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ കഴിയും.
പണിമുടക്ക് കാലയളവിലും ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും എ.ടി.എം ഇടപാടുകളും തടസ്സമില്ലാതെ ലഭ്യമായിരിക്കുമെന്ന് എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും സാധാരണ രീതിയിൽ പ്രവർത്തിക്കും. ബാങ്ക് യൂനിയനുകളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സമരം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.