ഏഥർ റിസ്റ്റ
രാത്രിയാത്രക്ക് പുതിയ ലുക്ക്; റിസ്റ്റയുടെ ഡിസ്‌പ്ലേ ഇനി ഡാർക്ക് മോഡിൽ!
പാതിരാത്രി മുറിയിലെ ഇരുട്ടിൽ മൊബൈൽ തുറക്കുമ്പോൾ കണ്ണിലേക്ക് അടിക്കുന്ന വെളിച്ചം കുറയ്ക്കാൻ ഡാർക്ക് മോഡ് ഓൺ ചെയ്യാറില്ലേ? ഇനി ഇതേ സൗകര്യം ഏഥർ റിസ്റ്റയുടെ ഡാഷ്‌ബോർഡിലും ലഭിക്കും. മറ്റ് ചില ഇലക്ട്രിക് സ്കൂട്ടറുകളിലും ഏഥറിന്റെ 450 സീരീസിലും നേരത്തേ പരിചിതമായ ഈ ഫീച്ചർ ഇപ്പോൾ റിസ്റ്റയിലേക്കും എത്തുകയാണ്. രാത്രിയാത്രകളിൽ ഡിസ്‌പ്ലേയുടെ വെളിച്ചം കണ്ണിന് ഉണ്ടാക്കുന്ന ആയാസം കുറയ്ക്കുകയാണ് ലക്ഷ്യം.
റിസ്റ്റയുടെ ഡിസ്‌പ്ലേ ഇനി ഇരുണ്ട തീമിൽ
ഏഥറിന്റെ റിസ്റ്റ Z, റിസ്റ്റ S മോഡലുകളിലാണ് പുതിയ ഡാർക്ക് മോഡ് ലഭിക്കുക. ഡാഷ്‌ബോർഡിലെ വെളിച്ചം കുറഞ്ഞ നിറങ്ങളിലേക്ക് മാറുന്നതോടെ രാത്രിയാത്രകളിൽ സ്ക്രീൻ നോക്കുമ്പോഴുള്ള കണ്ണിന്റെ ആയാസം കുറയ്ക്കാൻ സാധിക്കും. പകൽ സമയത്ത് ലൈറ്റ് മോഡും രാത്രിയിൽ ഡാർക്ക് മോഡും തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് സൗകര്യം.ഡാഷ്‌ബോർഡിന്റെ യൂസർ ഇന്റർഫേസിലും ചാർജിങ് സ്ക്രീനിലും ചെറിയ മാറ്റങ്ങളും പുതിയ അപ്‌ഡേറ്റിലുണ്ട്. ചാർജിങ് വിവരങ്ങൾ കാണിക്കുന്ന സ്ക്രീനിന്റെ രൂപത്തിലും ഐക്കണുകൾ, സ്റ്റാറ്റസ് വിവരങ്ങൾ എന്നിവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അപ്‌ഡേറ്റ് എങ്ങനെ ലഭിക്കും?
ഓവർ ദി എയർ (OTA) സംവിധാനത്തിലൂടെയാണ് പുതിയ അപ്‌ഡേറ്റ് സ്കൂട്ടറിലേക്ക് എത്തുന്നത്. ഇതിനായി സർവിസ് സെന്ററിൽ പോകേണ്ടതില്ല. വൈ-ഫൈ അല്ലെങ്കിൽ ലഭ്യമായ സെല്ലുലാർ കണക്റ്റിവിറ്റി ഉപയോഗിച്ച് സ്കൂട്ടറിന് നേരിട്ട് അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാം.നവംബർ 11 മുതൽ ചില ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിരുന്നു. നവംബർ 15 മുതൽ രാജ്യത്തുടനീളം കൂടുതൽ ഉപയോക്താക്കളിലേക്ക് ഘട്ടംഘട്ടമായി എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ എല്ലാവർക്കും ഒരേ ദിവസം അപ്‌ഡേറ്റ് ലഭിക്കണമെന്നില്ല. അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഡാഷ്‌ബോർഡിലെ മെനുവിൽ ജനറൽ വിഭാഗം തുറന്ന് സോഫ്റ്റ്‌വെയർ വേർഷൻ പരിശോധിക്കാം. പുതിയ പതിപ്പ് ലഭ്യമാണെങ്കിൽ അവിടെനിന്ന് അപ്‌ഡേറ്റ് ചെയ്യാം. ഇൻസ്റ്റാളേഷൻ പൂർത്തിയാകുന്നതുവരെ സ്കൂട്ടർ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
ഡാർക്ക് മോഡിന് പിന്നാലെ കൂടുതൽ ഫീച്ചറുകളും
ഡാർക്ക് മോഡിന് പുറമെ സ്മാർട്ട് ഡെസ്റ്റിനേഷൻസ്, വാട്‌സ്ആപ്പ് കോൾ കൺട്രോളുകൾ, ഫ്ലൈഓവർ അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും റിസ്റ്റയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. നാവിഗേഷൻ ഉപയോഗിക്കുന്നവർക്കും യാത്രയ്ക്കിടെ ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നവർക്കും ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടും.വാഹനത്തിന്റെ ഹാർഡ്‌വെയറിൽ മാറ്റം വരുത്താതെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ പുതിയ സൗകര്യങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയുന്നത് ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതയാണ്. മൊബൈൽ ഫോണുകളിലേതുപോലെ കാലക്രമേണ പുതിയ ഫീച്ചറുകൾ വാഹനത്തിലും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.