ഫ്ലെക്സ്-ഫ്യുവൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ടൊയോറ്റ ഹൈക്രോസ് ഫേസ് ലിഫ്​റ്റ്​

ഡ്രൈവിങ് സുഖത്തിലും സമാനതകളില്ലാത്ത യാത്രാസുഖത്തിലും ഓരോ അപ്‌ഡേറ്റിലും ആദ്യത്തെ ആ പ്രൗഢി ഇന്നും നിലനിർത്തുന്ന അപൂർവ ജനുസ്സാണ് ടൊയോറ്റ ഇനോവ. കാബിനിലിരുന്നാൽ റോഡിലെ കുഴികളും ക്ഷീണവും അറിയിക്കാത്ത ലക്ഷറി ഫീൽ തന്നെയാണ് ഇന്ത്യയിലെ പ്രമുഖരും മന്ത്രിമാരുമൊക്കെ വർഷങ്ങളായി ഈ വാഹനത്തെ നെഞ്ചിലേറ്റാൻ പ്രധാന കാരണം.ജനപ്രിയ എംപിവിയായ ഇനോവ ഹൈക്രോസിന്റെ പുതിയ ഫേസ് ലിഫ്​റ്റ്​ പതിപ്പ് നവംബർ 25-ന് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോറ്റ. ലുക്കിലും ഫീച്ചറുകളിലും വലിയ അപ്‌ഡേറ്റുകളോടെയാണ് ഇത്തവണ വാഹനത്തിന്റെ വരവ്.

​കൂടുതൽ മസ്കുലറായ മുൻ ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ഫ്ലെക്സ്-ഫ്യുവൽ ഹൈബ്രിഡ് സാങ്കേതികവിദ്യ, പുതുക്കിപ്പണിത ബമ്പറുകൾ, കൂടുതൽ സ്റ്റൈലിഷായ അലോയ് വീലുകൾ എന്നിവയോടെ കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ ഫേസ് ലിഫ്​റ്റ്​ എത്തുക. ഇന്തോനേഷ്യൻ വിപണിയിലുള്ള കിജാങ് ഇനോവ സെനിക്സിന് സമാനമായി, ഈ വിഭാഗത്തിൽ തന്നെ ആദ്യമായി 12.3 ഇഞ്ച് വലിപ്പമേറിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉയർന്ന വേരിയന്റുകളിൽ കമ്പനി ഉൾപ്പെടുത്തിയേക്കും എന്നതാണ് പ്രധാന ആകർഷണം. എഞ്ചിനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും, ഡീസൽ പതിപ്പ് ഉണ്ടാകില്ല. എന്നാൽ ഇന്ത്യയുടെ പുതിയ ഇന്ധനനയത്തിന് അനുയോജ്യമായി സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റുകളിൽ ഉയർന്ന എഥനോൾ മിശ്രിത ശേഷി (ഇ20) ലഭ്യമാക്കും.

​നിലവിൽ ഉയർന്ന വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന 'ടൊയോറ്റ സേഫ്റ്റി സെൻസ്' അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഫീച്ചറുകൾ പുതിയ ഫേസ് ലിഫ്​റ്റിൽ കൂടുതൽ വേരിയന്റുകളിലേക്ക് നൽകുമോ എന്നും 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കുമോ എന്നും വരും ദിവസങ്ങളിൽ അറിയാം. മാരുതി സുസൂക്കി ഇൻവിക്റ്റോയുമായുള്ള ശക്തമായ മത്സരത്തിൽ മുന്നിലെത്താൻ മെച്ചപ്പെടുത്തിയ കണക്റ്റഡ് സാങ്കേതികവിദ്യ, 360 ഡിഗ്രി കാമറ, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയുമുണ്ട്​.

​ഫേസ് ലിഫ്​റ്റ്​ പതിപ്പിന് വേരിയന്റുകൾക്കനുസരിച്ച് ഏകദേശം 20 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരാൻ സാധ്യതയുണ്ട്. നിലവിൽ കൊച്ചിയിൽ 24.10 മുതൽ 42.10 ലക്ഷം രൂപ വരെയുമാണ് ഹൈക്രോസിന്റെ ശരാശരി ഓൺ-റോഡ് നിരക്കുകൾ. വേരിയന്റുകളും നികുതിയും ഇൻഷുറൻസും അനുസരിച്ച് ഓൺ-റോഡ് വിലയിൽ മാറ്റങ്ങൾ വരാം.


എന്തുകൊണ്ടാണ് ഹൈക്രോസിൽ ഡീസൽ ഒഴിവാക്കിയത്?

1. ഹൈബ്രിഡ് സാങ്കേതികവിദ്യ: ഡീസലിന് പകരം പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ശക്തമായ ഹൈബ്രിഡ് സംവിധാനത്തിനാണ് ടൊയോട്ട മുൻഗണന നൽകുന്നത്.

2. ഇന്ധനക്ഷമത: നഗരത്തിലെ തിരക്കേറിയ യാത്രകളിൽ കുറഞ്ഞ വേഗതയിലും ഇടയ്ക്കിടെയുള്ള ബ്രേക്കിങ്ങിലും ഹൈബ്രിഡ് സംവിധാനം ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.

3. മലിനീകരണ നിയന്ത്രണം: ഡീസൽ എൻജിനുകൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും അവയുടെ ചെലവും ഒഴിവാക്കാൻ ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരു ബദലാണ്.

4. ഭാവിയിലെ ഇന്ധനനയം: കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന ഫ്ലെക്സ് ഫ്യൂവൽ ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്കും ടൊയോട്ട നീങ്ങുകയാണ്.

2.4 ലിറ്റർ ഡീസൽ എൻജിനുമായി ക്രിസ്റ്റ ഇപ്പോഴും ടൊയോട്ടയുടെ നിരയിലുണ്ട്. ദീർഘദൂര യാത്രകൾക്കും കൂടുതൽ ടോർക്ക് ആവശ്യമുള്ളവർക്കും ഇത് പ്രധാന ഓപ്ഷനായി തുടരുന്നുണ്ട്​.

എന്താണ് ഫ്ലെക്സ് ഫ്യൂവൽ ഹൈബ്രിഡ് സാങ്കേതികവിദ്യ?

പെട്രോളിലും ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് ഫ്ലെക്സ് ഫ്യൂവൽ ഹൈബ്രിഡ്. ലളിതമായി പറഞ്ഞാൽ, രണ്ട് സാങ്കേതികവിദ്യകളുടെ കൂട്ടുകെട്ടാണിത്. സാധാരണ പെട്രോളിന് പുറമെ കൂടുതൽ അളവിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അതേസമയം, വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോർ എൻജിനൊപ്പം പ്രവർത്തിക്കുന്നതിനാൽ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. ഉദാഹരണത്തിന്, E20 പെട്രോളിൽ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണുള്ളത്. എന്നാൽ ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്ക് ഇതിലും ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കാൻ കഴിയും. അതായത്, കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാനും ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും കഴിയുന്ന സംവിധാനമാണിത്.

പ്രധാന മാറ്റങ്ങളും സവിശേഷതകളും

 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം തുടരുന്നത്. ഇന്ത്യയുടെ പുതിയ ഇന്ധനനയത്തിന് അനുയോജ്യമായി സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റുകളിൽ ഇത്തവണ ഉയർന്ന എഥനോൾ മിശ്രിത ശേഷി (ഇ20 ഫ്ലെക്സ് ഫ്യുവൽ) സപ്പോർട്ട് ലഭ്യമാക്കും. കൂടുതൽ ഗാംഭീര്യമുള്ള വലിയ മുൻ ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ മാറ്റങ്ങൾ.

​ഉയർന്ന വേരിയന്റുകളിൽ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും കമ്പനി ഉൾപ്പെടുത്തിയേക്കും. നിലവിൽ ഉയർന്ന ZX(O) വേരിയന്റിൽ മാത്രം ഒതുങ്ങിനിന്നിരുന്ന 'ടൊയോറ്റ സേഫ്റ്റി സെൻസ്' അഡാസ്  സുരക്ഷാ ഫീച്ചറുകൾ ഫെയ്‌സ്‌ലിഫ്റ്റിൽ താഴത്തെ വേരിയന്റുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.  ലക്ഷ്വറിയും വിശ്വസ്തതയും ഒത്തിണങ്ങിയ ഇനോവയെ നെഞ്ചിലേറ്റിയ ഇന്ത്യൻ വാഹനപ്രേമികൾക്ക് കൂടുതൽ ആകർഷകമായൊരു സമ്മാനമായിരിക്കും ഈ പുതിയ ഫേസ് ലിഫ്​റ്റ്​ പതിപ്പ് എന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Toyota Innova Hycross Facelift Launch on November 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.