വെളിച്ചെണ്ണക്ക് 150 രൂപ; വിലയില്ലാതെ കൊപ്ര

പൊതുവിപണിയില്‍ നാളികേരം കിലോഗ്രാമിന് വില 35 രൂപ. വെളിച്ചെണ്ണക്ക് 150. മില്ലുകാര്‍ കൊപ്ര സംഭരിക്കുന്നത് 20നും 18നും. കൃഷിവകുപ്പ് സംഭരിക്കുന്നത് 25 രൂപക്കാണെങ്കിലും മുമ്പ് സംഭരിച്ചതിന്‍െറ വിലപോലും നല്‍കിയിട്ടില്ല. എല്ലാ നിലക്കും വെട്ടിലായ കേരകര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്.
നാളികേരത്തിന്‍െറയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. സംഭരണ വില വര്‍ധിപ്പിക്കുമെന്ന് പലതവണ നിയമസഭയില്‍ മന്ത്രി ഉറപ്പുനല്‍കിയെങ്കിലും പൊതുമാര്‍ക്കറ്റില്‍ 10 രൂപയില്‍ കൂടുതല്‍ കിലോക്ക് വര്‍ധനയുണ്ടായിട്ടും കേരഫെഡ് വില വര്‍ധിപ്പിച്ചിട്ടില്ല. നേരത്തേ കര്‍ഷകരില്‍നിന്ന് നാളികേരം സംഭരിച്ച വകയില്‍ മൂന്നുകോടി കൊടുക്കാനുണ്ട്.
നെല്്ള ഉള്‍പ്പെടെ ഇതര വിളകള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് 70-80 ശതമാനം വില വര്‍ധിച്ചപ്പോള്‍ കൊപ്രക്ക് 15 വര്‍ഷത്തിനിടെ 59 ശതമാനമാണ് വര്‍ധിച്ചത്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് താങ്ങുവില വര്‍ധിപ്പിച്ച് ചോദിച്ചപ്പോള്‍ കേരളം  മുഖംതിരിച്ചു. കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡാണ് വിള ഉല്‍പാദനച്ചെലവ് കണക്കാക്കുക. ഉല്‍പാദനച്ചെലവും കര്‍ഷകര്‍ക്ക് വരുന്ന യഥാര്‍ഥ ചെലവുമായി ബന്ധമില്ല. ഇത് പരിശോധിക്കണമെന്ന് കേരകര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്.
2001ല്‍ കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് സാധാരണ കൊപ്രയുടെ ഉല്‍പാദനച്ചെലവ് കണക്കാക്കിയത് ക്വിന്‍റലിന് 4,600 രൂപയാണ്. 2001-2016 കാലത്താണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും സാധാരണ ജനങ്ങളുടെ ദിവസക്കൂലിയിലും വളത്തിന്‍െറ വിലയിലും അസാധാരണ വര്‍ധന ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരുടെ 2001ലെ ശമ്പളം 2016ല്‍ എത്തുമ്പോള്‍ പലമടങ്ങാണ് വര്‍ധിച്ചത്. ഇതനുസരിച്ച് ദിവസക്കൂലിയും വര്‍ധിച്ചു. ഒരു ക്വിന്‍റല്‍ സാധാരണ നെല്ലിന് 2009-‘10ല്‍ 1,150 രൂപയായിരുന്നു ഉല്‍പാദനച്ചെലവ് കണക്കാക്കിയിരുന്നത്. ഇത് 2014-‘15ല്‍ എത്തിയപ്പോള്‍ 2000 ആയി വര്‍ധിച്ചു. വര്‍ഷം തോറും 12 ശതമാനത്തിലൂടെ അഞ്ചുവര്‍ഷംകൊണ്ട് 74 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, സാധാരണ കൊപ്രക്ക് 2016ല്‍ കണക്കാക്കിയ ഉല്‍പാദനച്ചെലവ് 7,300 രൂപ മാത്രമാണ്. 2001നുശേഷം 15 വര്‍ഷം കഴിഞ്ഞപ്പോള്‍ 59 ശതമാനത്തിന്‍െറ വര്‍ധന മാത്രം.

ഉല്‍പാദനച്ചെലവ് കണക്കാക്കുന്നതില്‍ വില നിര്‍ണയ ബോര്‍ഡ് മാറ്റം വരുത്തിയതാണ് ഈ വൈരുധ്യത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 2001ല്‍ കൊപ്രയുടെ ഉല്‍പാദനച്ചെലവ് കണക്കാക്കാന്‍ സ്വീകരിച്ച മുഴുവന്‍ ഘടകങ്ങളുടെയും 2016ലെ നിരക്കനുസരിച്ച് കണക്കാക്കിയാലേ ശരിയായ വര്‍ധനയുണ്ടാകൂവെന്നും ഇപ്പോള്‍ കൃഷിപ്പണികളുടെ വിലപോലും ലഭിക്കുന്നില്ളെന്നും കേരകര്‍ഷകന്‍ എരുമപ്പെട്ടി സ്വദേശി ആളൂര്‍ എ.ഇ. തോമസ് പറയുന്നു. കൊപ്രക്ക് ഓരോ വര്‍ഷവും ഉല്‍പാദനച്ചെലവ് വര്‍ധിച്ചത് വെറും മൂന്ന് ശതമാനം മാത്രമാണ്. എന്നാല്‍, മറ്റു വിളകള്‍ക്കാകട്ടെ പ്രതിവര്‍ഷം 10 ശതമാനത്തിന് മുകളിലാണ് ഉല്‍പാദനച്ചെലവ് വര്‍ധന. കേരളത്തിനേക്കാള്‍ ദിവസക്കൂലി കുറവെന്ന് കണക്കാക്കിയിട്ടുള്ള കര്‍ണാടക കേന്ദ്രത്തോട് സാധാരണ കൊപ്രയുടെ താങ്ങുവിലയായി 2015ല്‍ ആവശ്യപ്പെട്ടത് 11,574 രൂപയാണ്. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസക്കൂലിയുള്ള കേരളം 2015ല്‍ ആവശ്യപ്പെട്ട താങ്ങുവില വെറും 7,100 രൂപയാണെന്ന് കേന്ദ്ര കാര്‍ഷിക വില നിര്‍ണയ കമീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
25 രൂപക്കാണ് കേരളത്തില്‍ ഇപ്പോള്‍ നാളികേരം സംഭരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയുംമൂലം സംസ്ഥാനത്തെ ഭൂരിഭാഗം തെങ്ങുകള്‍ക്കും പലതരം കേടുകള്‍ ബാധിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇതുമൂലം നാളികേരത്തിന്‍െറ ഉല്‍പാദനത്തില്‍ വന്‍ കുറവുമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു.

 

Tags:    
News Summary - copra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.