നല്ല മധുരമുള്ള സ്വാദിഷ്ടമായ ഫലമാണ് സീതപ്പഴം. ആത്തച്ചക്ക, ഷുഗർ ആപ്പ്ൾ, കസ്റ്റാർഡ് ആപ്പ്ൾ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടും. ഇന്ത്യയിൽ വിപുലമായി കൃഷി ചെയ്തുവരുന്ന സീതപ്പഴം അമ്പതിലധികം ഇനങ്ങളിൽ കാണാം. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ മാമോത്ത്, ബാലാനഗര്‍, റെഡ് കസ്റ്റാഡ് ആപ്പിള്‍, ബാര്‍ബഡോസ്, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇനങ്ങളാണ് കൃഷിചെയ്തുവരുന്നത്. നല്ല വിളവ് ലഭിക്കുന്നതും സ്വാദേറിയതുമാണ് ഈ ഇനങ്ങൾ.
നട്ട് മൂന്നാംവർഷം മുതൽ വിളവെടുത്ത് തുടങ്ങാം. അഞ്ചുമുതൽ 10 മീറ്റർവരെ ഉയരത്തിലാണ് സീതപ്പഴത്തിന്റെ ചെടി വളരുക. എട്ടുമുതൽ 10 വർഷം പാകമായ ചെടികളിൽനിന്ന് 100ലേറെ പഴങ്ങൾ ലഭിക്കും. വർഷം തോറും ഇലകൊഴിഞ്ഞ് പുതുനാമ്പ് വരും. ഡിസംബർ -ജനുവരി മാസങ്ങളിലാണ് ഇലപൊഴിയും കാലം. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുതിയ തളിരും പുഷ്പങ്ങളുമുണ്ടാകും. നാലഞ്ചു മാസം കൊണ്ട് കായ്കൾ പാകമായി കിട്ടും.
പഴത്തിന്റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് വിളവെടുക്കാം. വീട്ടാവശ്യങ്ങള്‍ക്കുള്ള പഴം ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. കറുത്ത വിത്തുകൾ കായ്കൾക്കുള്ളിലുണ്ടാകും. വിത്തുകളെ പൊതിഞ്ഞ് കാണുന്ന വെളുത്തനിറത്തിലെ പൾപ്പാണ് ഭക്ഷ്യയോഗ്യം. ഇവക്ക് നല്ല മധുരവും മണവുമുണ്ടാകും. സാധാരണയായി വിത്തുപാകിയാണ് ഇവ മുളപ്പിച്ചെടുക്കുക. കൂടാതെ ബഡ്ഡിങ്, ഗ്രാഫ്റ്റിങ് എന്നിവയിലൂടെ ഉല്പാദനക്ഷമത കൂടിയ ഇനങ്ങളുടെ തൈകൾ ഉൽപാദിപ്പിച്ചെടുക്കാം.
വിത്തുപാകി മുളപ്പിച്ചെടുത്ത ഒരുവർഷം പ്രായമായ ചെടികൾ നടാൻ ഉപയോഗിക്കണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങൾ ചെടികൾ നടാനായി തെരഞ്ഞെടുക്കാം. ചെടികൾ തമ്മിൽ അഞ്ചുമീറ്റർ അകലവും വരികൾ തമ്മികൾ 6-8 മീറ്റർ അകലവും നൽകണം. 60 സെ.മീറ്റർ നീളത്തിലും വീതിയിലുമുള്ള 45 സെ.മീറ്റർ താഴ്ചയുള്ള കുഴികളിൽ വേണം ചെടികൾ നടാൻ.
കുഴികളിൽ കമ്പോസ്റ്റ്, കാലിവളം തുടങ്ങിയവ ചേർക്കുന്നത് നന്നാവും.ചെടികളുടെ വളർച്ചക്ക് അനുസരിച്ച് ജൈവവളങ്ങൾ ചേർത്തുനൽകാം. അധികം പരിചരണം ചെടികൾക്ക് ആവശ്യമില്ല. കടുത്ത ചൂടിനെയും വരൾച്ചയെയും ഇത് അതിജീവിക്കും.വിളവെടുപ്പു കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും. വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ നനച്ചുകൊടുക്കാം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.