തൃശൂർ അരിമ്പൂർ നെൽപാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കുന്നവർ
തൃശൂർ: ജില്ലയിലെ കോൾപാടങ്ങൾ രണ്ടാംവിള കൃഷിയൊരുക്കത്തിലേക്ക് കടക്കുന്നു. ഓണക്കാലത്തെ തകർത്ത് പെയ്യുന്ന മഴക്ക് ശേഷം കോൾനിലങ്ങളിലെ വെള്ളംവറ്റിക്കൽ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുകയാണ് എല്ലാവർഷവും പതിവ്. എന്നാൽ ഇക്കുറി ജൂലൈക്ക് ശേഷം മഴ പിന്മാറിയത് ജലക്ഷാമത്തിന്റെ സൂചനയിലേക്ക് വഴിവെക്കുകയും വെള്ളം വറ്റിക്കൽ തൽക്കാലം നിർത്തിവെക്കാൻ കലക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതോടെ കൃഷിയൊരുക്കം അൽപം മന്ദഗതിയിലായി. സെപ്റ്റംബർ ആദ്യവാരംതന്നെ മഴ ലഭിച്ചുതുടങ്ങിയത് ആശ്വാസമായി. കഴിഞ്ഞ അഞ്ചിന് കോൾകർഷക സമിതികളെ പങ്കെടുപ്പിച്ച് ഉപദേശക സമിതി ചേർന്ന് പ്രശ്നം ചർച്ച ചെയ്തിരുന്നു. സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലായി കൃഷിയിറക്കാൻ തീരുമാനമാവുകയും ചെയ്തു.
ഇതനുസരിച്ച് കോൾനിലങ്ങളിൽ വെള്ളം വറ്റിക്കാനും ചണ്ടി കുളവാഴകൾ നീക്കാനുമുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ചണ്ടിയും കുളവാഴയും നീക്കുന്നത് സംബന്ധിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വിള കൃഷിയുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനുള്ള പ്രപ്പോസലും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോൾമേഖലയിൽ നിലവിൽ നിലമൊരുക്കൽ തുടങ്ങിയതായി വിവിധ കോൾകർഷക സംഘം ഭാരവാഹികൾ അറിയിച്ചു. അതേസമയം, വിത്ത് ലഭ്യതയുടെ കുറവ് ഇക്കുറിയും കർഷക സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിലെ കോൾപാടങ്ങളിൽ ഹ്രസ്വകാല കൃഷിക്കായി ‘ജ്യോതി’ ഇനം നെൽവിത്താണ് കൂടുതലും ഉപയോഗിക്കുന്നത്.
പോയവർഷങ്ങളിലും വിത്തിന് ക്ഷാമം നേരിട്ടിരുന്നു. കോൾപടവ് കമ്മിറ്റികൾ നേരത്തെ തന്നെ വിത്ത് ബുക്ക് ചെയ്തിടാറുണ്ട്. ഇതുകൂടാതെ നിലമൊരുക്കത്തിന് ആവശ്യമായ കുമ്മായത്തിനും ഇക്കുറി ക്ഷാമം നേരിടുന്നുണ്ട്. വിത്തും വളവും ലഭ്യമാക്കാൻ കൃഷിവകുപ്പ് ഇടപെട്ട് നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.