വെട്ടിമാറ്റല്ലേ റബര്‍; പ്രതീക്ഷക്ക് വകയുണ്ട്

റബറിന് വിലയിടിയുമ്പോള്‍ ചെറുകിട കര്‍ഷകര്‍ രണ്ടുവിധത്തിലുള്ള പരിഹാരമാണ് സ്വയം കാണുക. ഒന്ന്, ചിലര്‍ ജീവിതത്തില്‍ നിന്ന് സ്വയം വെട്ടിമാറ്റും. ‘വിലയിടിവ്; റബര്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു’ എന്ന് വാര്‍ത്ത വരുത്താന്‍ മാത്രമേ ഇതുകൊണ്ട് കഴിയൂ. മറ്റൊന്ന് റബര്‍ മരങ്ങള്‍ ഒന്നാകെ വെട്ടിമാറ്റുക എന്നതാണ്. ചാനലില്‍ വാര്‍ത്ത വരും എന്നല്ലാതെ ഇതുകൊണ്ടും ഗുണമൊന്നുമില്ല. റബര്‍ വില ഉയര്‍ത്തുന്നതിനും പിടിച്ചുനിര്‍ത്തുന്നതിനും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ഇടപെടല്‍ ആവശ്യമാണ്. അതോടൊപ്പം, ചെറുകിട കര്‍ഷകര്‍ സ്വന്തംനിലക്ക് ചില കരുതല്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. റബറിന് വില ഉയര്‍ന്നതോടെ പലരും സ്വന്തംനിലക്ക് ടാപ്പിങ് അവസാനിപ്പിച്ചു. ‘അട്ടകടി അലര്‍ജിയാണ്’ എന്നാണ് കാരണം പറയുന്നത്. പകരം കൂലിക്ക് ആളെവെച്ച് ടാപ്പിങ് തുടങ്ങി. വില ഉയര്‍ന്നതോടെ തൊഴിലാളികള്‍ കൂലിയും വര്‍ധിപ്പിച്ചു. ഇതോടെ ചെലവും വര്‍ധിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോക്ക് 150 രൂപയെങ്കിലും കിട്ടിയാലേ പിടിച്ചുനില്‍ക്കാനാവൂ എന്ന് ചെറുകിട കര്‍ഷകരും 180 രൂപ കിട്ടിയാലേ നഷ്ടമില്ലാതെ പോകൂ എന്ന് വന്‍കിട തോട്ടമുടമകളും പറയുന്നു. റബറിന് വിലയിടിഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ടതോടെ വിദഗ്ധ ടാപ്പിങ്ങുകാര്‍ മറ്റുജോലി തേടിപ്പോയി. ഇത് മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കും. നാളെ റബര്‍വില വര്‍ധിച്ചാല്‍ ടാപ്പിങ്ങിന് ആളെ കിട്ടാതെ വരും. അടുത്ത അഞ്ചുവര്‍ഷമെങ്കിലും കാര്യമായ പ്രതീക്ഷക്ക് വകയില്ലന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. റബര്‍ ഉപഭോഗം വര്‍ധിക്കണമെങ്കില്‍ അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക രംഗം മെച്ചപ്പെടണം. റബറിന്‍െറ ടയറിതര ഉപയോഗം വര്‍ധിപ്പിക്കാനുള്ള ഗവേഷണങ്ങളും വിവിധ തലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ഒപ്പം, ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വാഹന വിപണിയും കര്‍ഷകന് പ്രതീക്ഷക്ക് വക നല്‍കുന്ന കാര്യമാണ്. നാല് കൊല്ലത്തിനകം സ്ഥിതി മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിന് പക്ഷേ സര്‍ക്കാറിന്‍െറ കൈത്താങ്ങ് ആവശ്യമാണ് താനും.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.