റബര്‍ വില സ്ഥിരത ഫണ്ടില്‍നിന്ന് വിതരണം നാമമാത്രം

റബര്‍ വില 150 രൂപയില്‍ ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 300 കോടിയില്‍ ഇതുവരെ വിതരണം ചെയ്തത് 30 കോടിയില്‍ താഴെമാത്രം. തുക അര്‍ഹതയുള്ള കര്‍ഷകര്‍ക്ക് പോലും കൃത്യമായി വിതരണം ചെയ്യുന്നില്ളെന്ന പരാതി ശക്തമാണ്. തുക വിതരണത്തില്‍ റബര്‍ ബോര്‍ഡ് ഗുരുതര വീഴ്ച വരുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറും പരാജയപ്പെട്ടെന്ന് ആക്ഷേപമുണ്ട്. 
സംസ്ഥാനം നീക്കിവെച്ച തുകക്ക് പുറമെ വിലസ്ഥിരതക്ക് കേന്ദ്രസര്‍ക്കാര്‍ 300 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലഭിച്ചിട്ടില്ല. റബര്‍ ബോര്‍ഡിന് നാഥനില്ലാതായിട്ട് ഒന്നരവര്‍ഷമായി. പുതിയ ചെയര്‍മാനെ നിയമിക്കുന്നതില്‍ കേന്ദ്രം തുടരുന്ന അലംഭാവവും പ്രതിസന്ധി രൂക്ഷമാക്കി. ചെയര്‍മാന്‍ ഇല്ലാത്തതിനാല്‍ പുതിയ പദ്ധതികളും പ്രഖ്യാപിക്കുന്നില്ല.
കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളെല്ലാം ചുവപ്പുനാടയില്‍ കുടുങ്ങി. അതേസമയം, വിലസ്ഥിരത ഫണ്ടിലെ ശേഷിച്ച തുക ലാപ്സാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവിഷ്കരിച്ച പദ്ധതി പാളിയതോടെ ഉല്‍പാദനത്തിലെ വരവും ചെലവും പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. 
വിലയിടിവ് മധ്യകേരളത്തിലെ സാധാരണക്കാരുടെ സമ്പദ്ഘടനയെയും ജീവിത സാഹചര്യങ്ങളെ ബാധിച്ചു. റബര്‍കൃഷി ഉപേഷിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. റബര്‍ എടുക്കാന്‍ കച്ചവടക്കാരും തയാറല്ല. ആര്‍.എസ്.എസ്-നാല് ഇനം റബര്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. അതും ന്യായവില കിട്ടാതെയാണ് കര്‍ഷകര്‍ വില്‍ക്കുന്നത്. 
ടാപ്പിങ് നിര്‍ത്താനാണ് കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. വിലയിടിവ് തടയാന്‍ കര്‍ഷകരില്‍നിന്ന് ആര്‍.എസ്.എസ് നാല് ഗ്രേഡ് റബര്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇത്തരം റബര്‍ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ നാമമാത്രമായതിനാല്‍ സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കില്ളെന്ന് ചൂണ്ടിക്കാട്ടുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.