കപ്പിയും പൈപ്പും കയറുമുണ്ടോ? അടക്ക പറി യന്ത്രം റെഡി

കമുകില്‍ കയറാതെ അടക്കാ പറിക്കാന്‍  പുതിയ കണ്ടുപിടിത്തവുമായി കൂലിപ്പണിക്കാരന്‍. മരത്തില്‍ കയറാന്‍ അറിയാത്ത ബിനു മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇതിനായി യന്ത്രം കണ്ടുപിടിച്ചത്.  പുഞ്ചവയല്‍ 504 കോളനി മൂന്നോലി ഭാഗത്ത് താമസിക്കുന്ന ആശാരി പണിക്കാരന്‍ കൂടിയായ പി.ബി. ബിനുവാണ് പുത്തന്‍ കണ്ടുപിടിത്തവുമായി രംഗത്തുവന്നത്. കമുകില്‍ കയറി അടക്ക പറിക്കണമെങ്കില്‍ പണിക്കാരനെ തേടി നടക്കണമായിരുന്നുവെങ്കില്‍ ഇനി അതിന് പ്രയാസപ്പെടേണ്ട. രണ്ടു കപ്പിയും ഇരുമ്പു പൈപ്പും കയറുമുണ്ടങ്കില്‍ അടക്ക പറിക്കാന്‍ യന്ത്രം റെഡി. രണ്ടു ഇരുമ്പ് പൈപ്പില്‍ രണ്ടരയടി വ്യത്യാസത്തില്‍ കപ്പി തയാറാക്കി അതില്‍ ലെഗ്ഫുട്ടും ആംഹോള്‍സും വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചിരിക്കുകയാണ്.
മനുഷ്യന്‍െറ കാലിനും കൈക്കും സാമ്യമുണ്ടാവുന്ന രീതിയില്‍ ബുഷ് ഘടിപ്പിച്ചാണ് യന്ത്രം ഒരുക്കിയിരിക്കുന്നത്. കമുകില്‍ ലെഗ്ഫുട്ടും ആം ഹോള്‍സും ഉറപ്പിച്ചശേഷം കപ്പിയിലെ കയര്‍ പിന്നോട്ടും മുന്നോട്ടും വലിക്കുന്നതനുസരിച്ച് യന്ത്രം ഉയരത്തിലേക്ക് നീങ്ങും, മുകളിലത്തെിയാല്‍ യന്ത്രത്തിലെ മുകളിലെ ബ്ളേഡ് ഉപയോഗിച്ച് അടക്കാകുല കട്ട് ചെയ്യും. ഇതോടെ കമുകില്‍നിന്ന് അടരുന്ന കുല യന്ത്രത്തിലെ കാരിയറില്‍ വീഴുകയാണ്. പിന്നീട് യന്ത്രം വലിക്കുന്നതനുസരിച്ച് താഴേക്ക് സാവധാനം എത്തും. കുലയില്‍നിന്ന് അടക്ക പൊഴിയാത്ത രീതിയിലാണ് താഴേക്ക് യന്ത്രം സുരക്ഷിതമായി തിരികെയത്തെുക.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സമയത്ത് പുരയിടത്തിലെ കമുകിലെ ചമ്പന്‍ പാക്ക് പറിച്ചുവില്‍ക്കാന്‍ തീരുമാനിച്ച ബിനു പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് പറിച്ചുവില്‍പന നടത്തിയപ്പോള്‍ പണിക്കൂലി 600 രൂപയായി. തുടര്‍ന്ന് മരത്തില്‍ കയറാതെ അടക്ക പറിക്കാമെന്ന് ആലോചിച്ചാണ് പുതിയ യന്ത്രത്തിന്‍െറ രൂപരേഖയുണ്ടാക്കിയത്. ആദ്യം തടിയില്‍ രൂപസാദൃശ്യമുണ്ടാക്കി ശ്രമം നടത്തിയപ്പോള്‍ ഉപകാരപ്രദമാവുമെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുമ്പില്‍ യന്ത്രം നിര്‍മിച്ചത്. പലതവണ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. നിര്‍മിച്ച യന്ത്രം കമുകിന് മുകളിലത്തെിയപ്പോള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് കമുകുകള്‍ മുറിച്ചുമാറ്റിയാണ് യന്ത്രം തിരിച്ചെടുക്കാനായത്. നവ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പ്രചരിപ്പിച്ചതോടെ വിദേശത്തുനിന്നുപോലും ആവശ്യക്കാര്‍ എത്തിയെങ്കിലും ബിനു കച്ചവട മനസ്സോടെ ഇതിനെ കാണാത്തതിനാല്‍ ഇതുവരെയായി ഓര്‍ഡര്‍ സ്വീകരിച്ചിട്ടില്ല. കാര്‍ഷിക ആയുധങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എത്തിയാല്‍ അവര്‍ മുഖേന വില്‍പന നടത്താനാണ് ബിനുവിന്‍െറ ആഗ്രഹം. 
ബിനുവിന്‍െറ കണ്ടുപിടിത്തങ്ങള്‍ ഇത് ആദ്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരപ്പണിയില്‍ തുളച്ചുകൂട്ടു പണിക്കായി യന്ത്രം ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വീണ, ഗിറ്റാര്‍, ചെണ്ട, മദ്ദളം എന്നീ വാദ്യോപകരണങ്ങളും ബിനു നിര്‍മിക്കുന്നുണ്ട്. 
സ്വന്തം വീടുനിര്‍മാണത്തില്‍ തറകെട്ടിയതു മുതല്‍ മേല്‍ക്കൂര ഇടുന്നതുവരെ എല്ലാ ജോലികളും ബിനും ഭാര്യയും കുട്ടികളും മാത്രമാണ് ചെയ്തത്. മേസ്തിരി ആശാരി പ്പണി ബിനു ചെയ്തപ്പോള്‍ മെയ്ക്കാട് ജോലി ഭാര്യ നിഷയും കുട്ടികളും ചെയ്തു. മേല്‍ക്കൂര കോണ്‍ക്രീറ്റിന് മാത്രം ബന്ധുക്കളെ സഹായത്തിന് കൊണ്ടുവന്നു. തെങ്ങില്‍ കയറാതെ തേങ്ങയിടാന്‍ കഴിയുന്ന യന്ത്രമുണ്ടാക്കുന്നതിന്‍െറ തിരക്കിലാണിപ്പോള്‍ ബിനു. കൂടാതെ സ്വന്തം വീട്ടില്‍ ഇലക്ട്രിക് ചൂടില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിയുന്ന മെഷീന്‍ കൂടി ഉണ്ടാക്കുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.