റഷ്യ-യുക്രെയ്ൻ അതിർത്തി മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഒടുവിൽ പ്രതീക്ഷിച്ച യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് റഷ്യ അധിനിവേശം ആരംഭിച്ചിരിക്കുന്നു. ഔദ്യോഗിക ടെലിവിഷനിലൂടെ നടത്തിയ ഹ്രസ്വമായ അഭിസംബോധനയിലാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ കിഴക്കൻ യുക്രെയ്നിലേക്കുള്ള സൈനികനീക്കം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തലസ്ഥാനമായ കിയവ് ഉൾപ്പെടെ പ്രധാന യുക്രെയ്നിയൻ നഗരങ്ങളിൽ വ്യോമാക്രമണവും നടത്തി.
44 ദശലക്ഷമാണ് യുക്രെയ്നിലെ ജനസംഖ്യ. സൈനികശക്തിയിലോ സാമ്പത്തിക ശക്തിയിലോ റഷ്യയുടെ അടുത്തൊന്നുമെത്താൻ പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയ്ന് സാധ്യമല്ല. പിന്നെന്താണ് യുക്രെയ്ൻ പുടിനെ പ്രകോപിതനാക്കാൻ കാരണം?
റഷ്യക്ക് പ്രിയങ്കരരായ നേതാക്കൾ യുക്രെയ്ൻ തലപ്പത്തിരുന്ന കാലത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. 2004ലെ യുക്രെയ്ൻ തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രിയങ്കരനായ വിക്ടർ യാനുകോവിച്ച് ജയിച്ചുവെങ്കിലും ക്രമക്കേടിനെ തുടർന്ന് ഫലം അസാധുവായി. വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെടുകയും ചെയ്തു. 2010ല്‍ യാനുകോവിച്ച് അധികാരം വീണ്ടെടുത്തു. എന്നാല്‍ മോസ്‌കോയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായി യൂറോപ്യന്‍ യൂണിയനുമായുള്ള അസോസിയേഷന്‍ കരാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമുണ്ടാവുകയും 2014ല്‍ വീണ്ടും യാനുകോവിച്ച് പുറത്താക്കപ്പെടുകയും ചെയ്തു.
(വിക്ടർ യാനുക്കോവിച്ചും വ്ളാദിമിർ പുടിനും)
റഷ്യൻ അനുകൂലിയായ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം യുക്രെയ്‌ന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രെയ്‌നും തമ്മിൽ പിണങ്ങിയത്. 2014ൽ വിമതരുടെ പിന്തുണയോടെ റഷ്യ യുക്രെയ്ന്‍റെ ഭാഗമായിരുന്ന ക്രൈമിയയിൽ അധിനിവേശം നടത്തി. ക്രൈമിയ കീഴടക്കി റഷ്യയോട് ചേർത്താണ് അന്ന് പുടിൻ വിശ്രമിച്ചത്. എട്ട് വർഷത്തിനിപ്പുറം വീണ്ടും റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചിരിക്കുന്നു.
(യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി)
യൂറോപ്യൻ യൂണിയനുമായും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യമായും യുക്രെയ്ൻ കൂടുതൽ അടുക്കുന്നത് തന്നെയാണ് റഷ്യയുടെ തലവേദന. നാറ്റോയിൽ ചേരാനുള്ള ആഗ്രഹം 2008ൽ തന്നെ യുക്രെയ്ൻ പരസ്യമാക്കിയിരുന്നു. ഇത് റഷ്യയെ ചൊടിപ്പിക്കുകയും ചെയ്തു. റഷ്യയെ ലക്ഷ്യം വെച്ചുള്ള മിസൈലുകളുടെ ലോഞ്ച്പാടായി നാറ്റോ യുക്രെയ്നെ ഉപയോഗിക്കുമെന്നാണ് പുടിൻ പറഞ്ഞത്. തങ്ങളുടെ അയൽരാജ്യം എതിർചേരിയിലെത്തുന്നത് ഭീഷണിയാണെന്ന് റഷ്യക്ക് ഉറപ്പാണ്. ഇതെല്ലാം മുന്നിൽ കണ്ട് ഇക്കഴിഞ്ഞ ഡിസംബറിൽ റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്ക് മുൻപിൽ വെച്ച ആവശ്യങ്ങളുടെ നീണ്ട പട്ടികയുണ്ട്. അതിൽ പ്രധാനം യുക്രെയിനെ ഒരിക്കലും നാറ്റോയിൽ ചേരാൻ അനുവദിക്കരുതെന്നതാണ്. എന്നാൽ, അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഈ ആവശ്യം തള്ളിയതാണ്.
(വ്ലാദിമിർ സെലെൻസ്കിയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും)
തങ്ങളുടെ പ്രധാന എതിരാളി സഖ്യമായ നാറ്റോയിൽ അയൽരാജ്യമായ യുക്രെയ്ൻ അംഗമാകുന്നത് ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ലെന്നാണ് റഷ്യയുടെ നിലപാട്. നാറ്റോയിൽ അംഗത്വമെടുത്താൽ യുക്രെയ്നെ ആക്രമിക്കുമെന്ന് പുടിൻ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മറുവശത്ത് യുക്രെയ്ന് പിന്തുണയുമായി യു.എസും, യു.കെയും ഉൾപ്പെടെയുള്ള പാശ്ചാത്യശക്തികളും നാറ്റോയുമെത്തി. ഇതോടെയാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.