പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്തുകൊണ്ടു താങ്കൾ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല; നോർവേയിൽ ഇന്ത്യൻ പ്രധാന മന്ത്രിയോട് മറുപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക

ന്യൂഡൽഹി: ഇന്ത്യയിൽ മാധ്യമങ്ങൾക്കു മുന്നിൽ ഒളിച്ചോടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേയിലും ഇതാവർത്തിച്ചത് അന്താരാഷ്ട്ര തലത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കുന്നു. നോർവേയിൽ വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യം അവഗണിച്ച് മോദി തിരിഞ്ഞു നടക്കുന്നതും മറുപടി നൽകണമെന്ന് മാധ്യമപ്രവർത്തക അഭ്യർഥിക്കുന്നതുമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

തിങ്കളാഴ്ച ഓസ്ലോയിൽ നടന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഭവം. പ്രസ്താവനയ്ക്ക് ശേഷം ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് ഒരു നോർവീജിയൻ മാധ്യമപ്രവർത്തക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. എന്നാൽ മോദി ആ ചോദ്യം അവഗണിച്ച് സ്റ്റോറിനൊപ്പം മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.

"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമ പ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നിങ്ങൾ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല?" ഹെല്ലെ ലിംഗ് എന്ന മാധ്യമപ്രവർത്തക പ്രധാനമന്ത്രിയോട് ചോദിക്കുന്നതും കേട്ടു.

"ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ചോദ്യം കേൾക്കില്ല. ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല," നോർവീജിയൻ പത്രമായ ഡാഗ്‌സാവിസെനിൽ കമന്റേറ്ററായ ലിംഗ് പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി. പ്രധാനമന്ത്രിയോട് ചോദ്യങ്ങൾക്ക് മറുപടി അഭ്യർഥിക്കുന്ന വീഡിയോയും അവർ പോസ്റ്റ് ചെയ്തു.

"ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണ്, പലസ്തീൻ, എമിറേറ്റ്സ്, ക്യൂബ എന്നിവയുമായി മത്സരിച്ച് ഇന്ത്യ 157-ാം സ്ഥാനത്താണ്," റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രോണ്ടിയേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിനെ പരാമർശിച്ചുകൊണ്ട് അവർ എക്‌സിൽ എഴുതി. അധികാര കേന്ദ്രങ്ങളോട് ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അവർ കൂട്ടിച്ചേർത്തു.

വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പോ ശേഷമോ മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തുമ്പോൾ പ്രധാനമന്ത്രി സാധാരണയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാറില്ല.ശനിയാഴ്ച നെതർലൻഡ്‌സിൽ രാഷ്ട്രത്തലവൻ റോബ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡച്ച് പത്രപ്രവർത്തകനും ഈ വിഷയം ഉന്നയിച്ചിരുന്നു.

"നെതർലൻഡ്‌സിൽ, ഇത്തരം സന്ദർഭങ്ങളിൽ രണ്ട് പ്രധാനമന്ത്രിമാരും ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന ഒരു പാരമ്പര്യമുണ്ട്. ഇന്ന് അങ്ങനെയല്ലാത്തതിൽ എനിക്ക് അത്ഭുതമുണ്ട്," ഡി വോൾക്സ്ക്രാന്റിലെ പത്രപ്രവർത്തകനായ അശ്വന്ത് നന്ദ്രാം പറഞ്ഞു.പത്രസ്വാതന്ത്ര്യം കുറയുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്‌ലിംങ്ങളുടെയും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുടെയും അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും നെതർലാൻഡ്‌സും യൂറോപ്യൻ യൂണിയനും ആശങ്കാകുലരാണെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ജെറ്റൻ ഈ വിഷയം ഉന്നയിച്ചിരുന്നോ എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചതുർരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേയിലെത്തിയത്. വ്യാപാരം, നിക്ഷേപം, പരിസ്ഥിതിയോടിണങ്ങിയുള്ള സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്റൊറെയുമായി കൂടിക്കാഴ്ച നടത്തി. നോർവേയുടെ പരമോന്നത പുരസ്കാരമായ ഗ്രാൻഡ് ക്രോസ് ഓഫ് ദ് റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റും ഏറ്റുവാങ്ങി.

Tags:    
News Summary - Why don’t you take questions?': PM Modi ignores Journo’s plea to take questions from ‘freest press’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.